വടക്കാഞ്ചേരി: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ലിഫ്റ്റ് പണി മുടക്കുന്നത് നിത്യസംഭവമായി മാറുമ്പോഴും കുലുക്കമില്ലാതെ അധികൃതർ. നടക്കാൻ കഴിയാത്ത നിരവധി രോഗികളാണ് ലിഫ്ട് പണിമുടക്കിയതോടെ ദുരിതത്തിലായത്. ഇന്നലെ അസ്ഥിരോഗ ശസ്ത്രക്രിയാ വാർഡുകളിലേക്കുള്ള ലിഫ്ടാണ് പണിമുടക്കിയത്.

പല വാർഡുകളിലും ലിഫ്ട് പണിമുടക്കുന്നത് നിത്യസംഭവമാണെന്ന് രോഗികളും കൂട്ടിരുപ്പുകാരും പറയുന്നു. കാലഹരണപ്പെട്ട ലിഫ്ടുകൾ ഉൾപ്പെട്ട സാമഗ്രികൾ മാറ്റി പുതിയവ സ്ഥാപിക്കുകയാണ് പ്രശ്‌നത്തിന് ഏക പരിഹാരം. ഈ രംഗത്തുള്ള ടെക്‌നീഷ്യനെ കിട്ടാൻ പോലും ദിവസങ്ങളെടുക്കും. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ലിഫ്ടുകൾ നിരന്തരമായി തകരാറിലാകുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.