തൃശൂർ: കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് കൈക്കുഞ്ഞുമായി അമ്മ പുറത്തേക്ക് വീണു. ചെളിയിലും കരിങ്കല്ലിലുമായി വീണ അമ്മയുടെ മുഖത്തും, തലയ്ക്കും, കൈക്കും പരിക്കേറ്റു. കുഞ്ഞ് അമ്മയുടെ ദേഹത്തേക്ക് വീണതിനാൽ കൂടുതൽ അപകടമൊഴിവായി.

ചെറുതുരുത്തിയിൽ താമസിക്കുന്ന കലാമണ്ഡലം സോമന്റെ ഭാര്യ അംബികയും ഒരു വയസുള്ള കുഞ്ഞ് ലക്ഷ്മി പ്രിയയുമാണ് അപകടത്തിൽപെട്ടത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ചിറയത്ത് ബസാണ് അപകടത്തിനിടയാക്കിയത്. വടക്കെ ബസ് സ്റ്റാൻഡിൽ രാവിലെയായിരുന്നു സംഭവം. കൊടകരയിൽ അംബികയുടെ വീട്ടിൽ പോയി തിരികെ ചെറുതുരുത്തിയിലെ വീട്ടിലേക്ക് പോകുന്നതിനായി ബസിൽ കയറുമ്പോഴായിരുന്നു അപകടം. ബസിൽ കയറുന്നതിനിടെ ബസ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ കുഞ്ഞുമായി പുറത്തേക്ക് തെറിച്ചു വീണു. സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിന് ശേഷം സർവീസ് തുടർന്ന ബസ് ജീവനക്കാരോട് വെള്ളിയാഴ്ച രാവിലെ ട്രാഫിക് സ്റ്റേഷനിൽ ഹാജരാവാൻ പൊലീസ് നിർദ്ദേശം നൽകി.