sndp-nattika-union
തൃപ്രയാറിനെ പീതസാഗരമാക്കി നാട്ടിക യൂണിയൻ ഘോഷയാത്ര

തൃപ്രയാർ: ഗുരുജയന്തിയോടനുബന്ധിച്ച് നാട്ടിക യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര വർണാഭം. തൃപ്രയാറിനെ പീതസാഗരമാക്കി മാറ്റിയ ഘോഷയാത്രയിൽ നൂറുകണക്കിന് ശ്രീനാരായണീയർ അണിചേർന്നു. വലപ്പാട് ചന്തപ്പടിയിൽ നിന്നും വൈകിട്ട് മൂന്നരയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്.

നാട്ടിക യൂണിയന്റെ കീഴിലുള്ള ശാഖകളിൽ നിന്നുള്ള പ്രവർത്തകരും വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, മൈക്രോ ഫിനാൻസ് അംഗങ്ങളും ജാഥയിൽ അണിനിരന്നു. ഗജവീരന്മാരും വാദ്യമേളവും അകമ്പടിയായി. ശിങ്കാരിമേളം, തെയ്യം, നാസിക് ഡോൾ, നിശ്ചലദൃശ്യങ്ങൾ, കാവടി, ദേവനൃത്തം തുടങ്ങിയവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, യൂണിയൻ വൈസ് പ്രസിഡന്റ് പി.വി സുദീപ് കുമാർ, ജയന്തൻ പുത്തൂർ, കെ.വി ജയരാജൻ മാസ്റ്റർ, സലീം തഷ്ണാത്ത്, പ്രകാശ് കടവിൽ, വിശ്വംഭരൻ മാസ്റ്റർ, ബിനോയ് പാണപറമ്പിൽ, കെ.എസ് ദീപൻ, സി.എസ് ഗണേശൻ, കെ.ജി നാരായണദാസ്, ഗോപാലകൃഷ്ണൻ തോട്ടാരത്ത്, ജയറാം കടവിൽ, പ്രശാന്ത് മേനോത്ത്, പി.വി ശ്രീജാ മൗസമി തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട്ട് നാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിലെ ഗുരുദേവ പ്രതിമയിൽ പുഷ്പാർച്ചനയോടെ ഘോഷയാത്ര സമാപിച്ചു.