കൊടുങ്ങല്ലൂർ: നാടും നഗരവും പീതാംബരമണിയിച്ച് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടന്നു. നഗരത്തിൽ വൈകീട്ട് പടുകൂറ്റൻ ജയന്തി ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. കൊടുങ്ങല്ലൂർ യൂണിയന് കീഴിലെ എൺപതോളം ശാഖാ യോഗങ്ങളുടെ നേതൃത്വത്തിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും രാവിലെ പതാക വന്ദനം, ഗുരുപൂജ, പുരസ്കാര-പ്രസാദ വിതരണം, ബൈക്ക് റാലി തുടങ്ങിയവ നടന്നു.
വൈകീട്ട് നാലോടെ നെടിയതളി ക്ഷേത്ര പരിസരത്തേക്കെത്തിയ ശ്രീനാരായണ സമൂഹം അവിടെ നിന്നും ആരംഭിച്ച യൂണിയൻ തല ജയന്തി ഘോഷയാത്രയിൽ അണിചേർന്നു. പൂത്താലങ്ങളും വർണ്ണക്കുടകളുമേന്തിയ നൂറ് കണക്കിന് കുട്ടികളും അമ്മമാരും യൂണിഫോമിലെത്തിയ വനിതാ സംഘം-മൈക്രോ ഫിനാൻസ് അംഗങ്ങളും ഉൾപ്പടെ ആയിരങ്ങൾ പങ്കുകൊണ്ടു. വർണ്ണക്കാവടികളും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ദേവാനന്ദ നൃത്തവുമൊക്കെ ഘോഷയാത്രയ്ക്ക് അകമ്പടിയായി. ഘോഷയാത്രയിൽ പൊയ്യ ശാഖ, എൽത്തുരുത്ത് ശാഖ, പനങ്ങാട് ശാഖ എന്നിവ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും ക്രമീകരണങ്ങൾ കൊണ്ടും കാണികളുടെ കൈയടി നേടി.
കാവിൽ തെക്കേമൈതാനിയിൽ ഘോഷയാത്ര സമാപിച്ച ശേഷം നവരാത്രി മണ്ഡപത്തിൽ ചേർന്ന ജയന്തി സമ്മേളനത്തിൽ കൊടുങ്ങല്ലൂർ ബാബുശാന്തി ശാന്തി ഭദ്രദീപം തെളിച്ചു. യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിലിന്റെ അദ്ധ്യക്ഷതയിൽ യോഗം അസി. സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ ആമുഖ പ്രസംഗവും യോഗം കൗൺസിലർ ബേബിറാം സമ്മാനദാനവും യൂണിയൻ വൈസ് പ്രസിഡന്റ് സി.ബി ജയലക്ഷ്മി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, എം.കെ. തിലകൻ, എൻ.വൈ. അരുൺ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, പി.വി. കുട്ടൻ, പി.ടി. ഷുബിലകുമാർ, ഇ. ജി. സുഗതൻ, കെ.കെ. ശശീന്ദ്രബാബു, പി.കെ. വിശ്വൻ, എൻജിനീയർ എം.എൻ. രാജപ്പൻ, പി.കെ. സത്യശീലൻ, ജോളി ഡിൽഷൻ, ജയാരാജൻ, സുലേഖാ അനിരുദ്ധൻ, ഉഷാ വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി....