തൃശൂർ: വടക്കുന്നാഥ മൈതാനത്തിന് ചുറ്റിലും നഗരപരിസരങ്ങളിലും ആർപ്പും ആരവവും ഉയർത്തി ഇന്ന് പുലിക്കൂട്ടങ്ങളിറങ്ങും. നാലോണ നാളിലെ പുലിക്കളി മഹോത്സവത്തോടെ തൃശൂരിന്റെ ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയാവും. ആറ് ടീമുകളാണ് രംഗത്തിറങ്ങുന്നത്. വിയ്യൂർ ദേശവും, വിയ്യൂർ സെന്ററും എന്നിങ്ങനെ വിയ്യൂരിൽ നിന്നും, കോട്ടപ്പുറം ദേശവും കോട്ടപ്പുറം സെന്ററും എന്നിങ്ങനെ കോട്ടപ്പുറത്തു നിന്നും ടീമുകൾ ഉണ്ട്.
തൃക്കുമാരംകുടം, അയ്യന്തോൾ എന്നിവിടങ്ങളിൽ നിന്നുമാണ് മറ്റ് രണ്ട് ടീമുകൾ. ആദ്യമായി പെൺപുലികളെ നഗരത്തിൽ ചുവടു വയ്പിച്ച വിയ്യൂർ ദേശം ഇക്കുറിയും പെൺപുലികളെ ഇറക്കുന്നുണ്ട്. വിയ്യൂരിലെ 51 അംഗ പുലിപ്പടയിൽ 4 വനിതകളാണുള്ളത്. 20 വർഷ പാരമ്പര്യമുള്ള പുലിക്കളി സംഘത്തിന് 2016ൽ മികച്ച അച്ചടക്കമുള്ള ടീമിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
ഒരു ടീമിന് ഒന്നര ലക്ഷം വീതമാണ് കോർപറേഷൻ നൽകുന്നത്. നിശ്ചല ദൃശ്യങ്ങൾ, മികച്ച ടീം, കളിക്കാരൻ, മേളം തുടങ്ങിയവയ്ക്കുള്ള പുരസ്‌കാരങ്ങളുമുണ്ട്. വൻ തുകയാണ് ഓരോ ടീമുകളും പുലിക്കളി സംഘത്തെയിറക്കാൻ ചെലവിടുന്നത്. നിശ്ചലദൃശ്യങ്ങളുമായി പുലിക്കൂട്ടങ്ങൾ അവസാനഘട്ട ഒരുക്കത്തിലാണ്. കഴിഞ്ഞ വർഷം പ്രളയം കാരണം പുലിക്കളി ഉപേക്ഷിച്ചിരുന്നു. അതിനാൽ ഇത്തവണ ആസ്വാദകരേറുമെന്നാണ് കണക്കാക്കുന്നത്.
ആറ് സംഘങ്ങളെ ഉള്ളൂവെങ്കിലും പുലികളുടെ എണ്ണത്തിൽ കാര്യമായ കുറവു വരില്ല. പരമാവധി പേരെ പുലികളാക്കി ഇറക്കാനാണ് ഓരോ ദേശങ്ങളും തീരുമാനിച്ചിരിക്കുന്നത്. കുടവയറും കളിയിലെ മികവും നോക്കിയാണ് പുലിക്കളിക്കാരെ കണ്ടെത്തുന്നത്. മലയാളികൾ അവസരം തേടി നിൽക്കുന്നതിനാൽ ഇക്കുറി ബംഗാളികളെ അധികം പങ്കെടുപ്പിക്കേണ്ടി വരില്ലെന്നാണ് ദേശകമ്മിറ്റി ഭാരവാഹികൾ കരുതുന്നത്..
പുലിക്കളിയാഘോഷം ഇങ്ങനെ
തുടക്കം ശനിയാഴ്ച വൈകിട്ട് നാലിന്
ആദ്യപുലിക്കൂട്ടം റൗണ്ടിൽ 4.30ന്
പങ്കെടുക്കുന്നത് 6 സംഘങ്ങൾ
പരമാവധി 51 അംഗ പുലിസംഘം
35 അംഗ മേളസംഘം
2 വീതം നിശ്ചല ദൃശ്യം
1 പുലിവണ്ടി