പെരിങ്ങോട്ടുകര : ക്ഷീരോല്പാദക സഹകരണ സംഘത്തിൽ അംഗങ്ങളായ ക്ഷീരകർഷകർക്ക് വർഷങ്ങളായി നൽകി വരുന്ന ബോണസ് നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ പാൽ അളക്കാതെ കർഷകർ പ്രതിഷേധിച്ചു. ലിറ്ററിന് ഒരു രൂപ നിരക്കിൽ വർഷത്തിൽ നൽകുന്ന ബോണസ് തുകയിൽ വർദ്ധനവ് ആവശ്യപ്പെട്ട് സംഘം ഭരണസമിതിക്ക് കർഷകർ നോട്ടീസ് നൽകിയിരുന്നു. പക്ഷേ വർദ്ധനവിന് പകരം കൊടുത്തുവന്നിരുന്ന ബോണസ്സ് നിറുത്തലാക്കുകയായിരുന്നുവെന്ന് കർഷകർ ആരോപിക്കുന്നു. കർഷകരുടെ സംഘടനയായ വോയ്‌സ് ഓഫ് ഡയറി ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. പൊലീസ് ഇടപെട്ട് പ്രത്യേക പൊതുയോഗം വിളിച്ച് പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്ന് ഉറപ്പ് വരുത്തിയതോടെ കർഷകർ സമരം അവസാനിപ്പിച്ചു.