kda-sndp-kodakara-mehala
കൊടകരയിൽ നടത്തിയ പൊതുസമ്മേളനം ശ്രീനാരായണ വൈദികസംഘം സെക്രട്ടറി അശ്വനിദേവ് ഐ.സി. ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ 165ാം ശ്രീനാരായണ ഗുരുദേവജയന്തി മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് ആയിരങ്ങൾ അണിനിരന്ന ഘോഷയാത്രകളും പൊതുസമ്മേളനങ്ങളും നടത്തി.

ആളൂർ മേഖല ശാഖകളുടെ ആഭിമുഖ്യത്തിൽ നടത്തിയ ഘോഷയാത്ര വെള്ളാഞ്ചിറ ശാഖയിൽ നിന്നാരംഭിച്ച് പൊരുന്നംകുന്ന് കമ്മ്യൂണിറ്റി ശാഖാ മന്ദിരത്തിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം കോഴിക്കോട് ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് എം.ആർ. അനിത ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ അദ്ധ്യക്ഷനായി. ഡോ. ഒ.വി. ഷിബു ഗുരുപദം മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ഡയറക്ടറും ജനറൽ കൺവീനറുമായ എൻ.ബി. മോഹനൻ, കൊടകര യൂണിയൻ കൗൺസിലർ വി.വി. ശ്രീധരൻ എന്നിവർ സംസാരിച്ചു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായ വിതരണവും നിർദ്ധനരായ രോഗികൾക്ക് ചികിത്സാധന സഹായവും വിതരണം നടത്തി.

ഏറ്റവും നന്നായി ഘോഷയാത്രയിൽ അണിനിരന്ന പൊരുന്നംകുന്ന് ശാഖ ഒന്നാം സ്ഥാനവും വെള്ളാംചിറ ശാഖ രണ്ടാം സ്ഥാനവും നേടി. മറ്റത്തൂർ മേഖലയിലെ ശാഖകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഘോഷയാത്ര കോടാലി ആൽത്തറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു.

തുടർന്ന് നടന്ന പൊതുസമ്മേളനം കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, യോഗം ഡയറക്ടർ ശശി ഇ.കെ എന്നിവർ മുഖ്യാതിഥിയായി. യൂണിയൻ കൗൺസിലറും ജനറൽ കൺവീനറുമായ സൂരജ് കെ.എസ്, യൂണിയൻ കൗൺസിലർ നന്ദകുമാർ മലപ്പുറം, ചന്ദ്രശേഖരൻ എം.എ, അനൂപ് കെ. ദിനേശൻ, അനിൽകുമാർ ഞാറ്റുവെട്ടി, ലൗലി സുധീർ ബേബി, പ്രിയങ്ക അനൂപ് എന്നിവർ സംസാരിച്ചു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായ വിതരണവും നിർദ്ധനരായ രോഗികൾക്ക് ചികിത്സാധന സഹായവും വിതരണം നടത്തി. ഏറ്റവും നന്നായി ഘോഷയാത്രയിൽ അണിനിരന്ന മറ്റത്തൂർ ശാഖ ഒന്നാം സ്ഥാനവും അവിട്ടപ്പിള്ളി ഈസ്റ്റ് ശാഖ രണ്ടാം സ്ഥാനവും നേടി.