കൊടുങ്ങല്ലൂർ: പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ഹരിതഗ്രാമ പ്രഖ്യാപനം ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ശ്രീനാരായണപുരം പഞ്ചായത്ത് വാർഡ് അഞ്ചിൽ ലക്ഷം വീട് പോനിശ്ശേരി കോളനികളും പരിസര പ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് ഹരിതഗ്രാമം യാഥാർത്ഥ്യമാക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കിയും, ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനും ഹരിത ഗ്രാമവാസികളെ മുന്നിൽ നിറുത്തുന്നതിനായി വൈവിദ്ധ്യമാർന്ന പ്രവർത്തനം നടത്തുന്നതിനാണ് ഹരിതഗ്രാമം പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി ഹരിത ഗ്രാമ സന്ദേശവും തുണി സഞ്ചികളും വിതരണം ചെയ്തു. ഹരിതം, ഉപജീവനം, സേവനം എന്നീ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഉപജീവനത്തിനായി മത്സ്യം, മത്സ്യത്തട്ട്, ത്രാസ് എന്നിവ വാങ്ങി നൽകി. 80 കവിഞ്ഞ വയോജനങ്ങളെ ആദരിച്ചു. 70 കഴിഞ്ഞ തൊഴിൽ ചെയ്യുന്നവരെയും, അവിവാഹിതരെയും, പ്രത്യേകം തെരഞ്ഞെടുത്ത കടുംബങ്ങളെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ മല്ലിക അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.കെ ബേബി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുബ്രഹ്മണ്യൻ, കെ.എ അബ്ദുൾ ഹസീബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.