തൃശൂർ : നാടകത്തിനായി ആത്മസമർപ്പണം നടത്തിയ വ്യക്തിത്വമായിരുന്നു വിടപറഞ്ഞ അരിമ്പൂർ പാപ്പച്ചൻ. നിർമ്മാതാവായും നടനായും രചയിതാവായും സംവിധായകനുമായി പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്ന പാപ്പച്ചൻ സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. 1974ൽ സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ അരിമ്പൂർ പാപ്പച്ചൻ രചനയും സംവിധാനവും നിർവഹിച്ച കുറ്റപത്രം എന്ന നാടകം രചന, അവതരണം, സംവിധാനം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് മലയാള നാടകവേദിയിൽ ശ്രദ്ധേയനായത്. ഇതിന് പുറമേ സമുദായം, ആഭ്യന്തരം, കാളിചക്രം തുടങ്ങി നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു.
തൃശൂർ വർണ്ണശാല എന്ന പ്രൊഫഷണൽ നാടക ട്രൂപ്പ് രൂപീകരിച്ചാണ് നാടകങ്ങൾ അവതരിപ്പിച്ചത്. ജനങ്ങളുടെ സഹകരണത്തോടെ ചക്രവർത്തിനി എന്ന ബാനറിൽ ജനകീയ സിനിമ നിർമ്മാണ കമ്പനി ആരംഭിച്ചെങ്കിലും വേണ്ട രീതിയിൽ വിജയിപ്പിച്ചെടുക്കാനായില്ല. ജേസി സംവിധാനം ചെയ്ത ഒരു സങ്കീർത്തനം പൊലെ എന്ന സിനിമയായിരുന്നു ആദ്യം നിർമ്മിച്ചത്. ആഭ്യന്തരം എന്ന നാടകമാണ് ഒരു സങ്കീർത്തനം പോലെ എന്ന പേരിൽ സിനിമയാക്കിയത്. നടൻ മുരളിയായിരുന്നു നായകൻ. പിന്നീട് ഐ.വി ശശി സംവിധാനം ചെയ്ത് സുരേഷ് ഗോപി, ഖുശ്ബു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ അനുഭൂതിയായിരുന്നു പുറത്തിറക്കിയത്. സങ്കീർത്തനം പോലെ എന്ന ചിത്രത്തിന് സാമ്പത്തിക നേട്ടം കൈവരിക്കാനായില്ലെങ്കിലും അനുഭൂതി വിജയം കണ്ടു. എന്നാൽ പിന്നീട് ചക്രവർത്തിനി ഫിലിം കമ്പനി നിരവധി കേസുകളുടെ ഊരാക്കുടുക്കിൽപെട്ടു. കാളി ചക്രം എന്ന നാടകം അതേ പേരിൽ സിനിമയാക്കിയപ്പോൾ അരിമ്പൂർ പാപ്പച്ചനായിരുന്നു സംവിധായകൻ. എന്നാൽ ഈ ചിത്രം റിലീസ് ചെയ്യാനായില്ല. കോട്ടയം നാഷണൽ തിയേറ്റേഴ്‌സ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ നാടക സംഘങ്ങൾ അരിമ്പൂർ പാപ്പച്ചന്റെ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. നെല്ലിക്കോട് ഭാസ്‌ക്കരൻ, മാള അരവിന്ദൻ, ടി.കെ. ജോൺ ഉൾപ്പെടെയുള്ള പഴയ കാല നാടക സിനിമാ നടന്മാരും പാപ്പച്ചന്റെ നാടകങ്ങളിൽ സഹകരിച്ചിരുന്നു. പാടിത്തളർന്ന പാതിരാവ് ( നോവൽ), മുൾക്കിരീടം ( ചെറുകഥകൾ) എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ നാടക മാസികയായ അറീന ആരംഭിച്ചതും പാപ്പച്ചനായിരുന്നു.