മാള: ആർമിയുടെ ആയുധ പരിശീലനവും യുദ്ധതന്ത്രങ്ങളും വിശദീകരിച്ച് എൻ.സി.സി സെവൻ കേരള ഗേൾസ് ബറ്റാലിയൻ മാള കാർമ്മൽ കോളേജിൽ ക്യാമ്പ് സംഘടിപ്പിച്ചു. മദ്ധ്യകേരളത്തിൽ പെൺകുട്ടികൾക്കായുള്ള ഏക ക്യാമ്പാണിത്.
എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള അറുന്നൂറ് വിദ്യാർത്ഥിനികൾ ആറ് കമ്പനികളിലായാണ് പത്ത് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. വിവിധ വിദ്യാലയങ്ങളിൽ നിന്ന് എട്ടാം ക്ലാസ് മുതൽ ബിരുദം വരെയുള്ള വിദ്യാർത്ഥികളാണ് ക്യാമ്പിലുള്ളത്. കായിക ക്ഷമത വർദ്ധിപ്പിക്കുന്ന അഭ്യാസങ്ങളും വ്യക്തിത്വ വികസന പദ്ധതികളും ഈ ക്യാമ്പിന്റെ പ്രത്യേകതയാണ്. ഗൂർഖ റൈഫിൾസ് പാരാ സ്‌പെഷ്യൽ ഫോഴ്‌സ്, സിഗ്‌നൽസ് ആർമി മെഡിക്കൽ കോർ, മദ്രാസ് റെജിമെന്റ്, പഞ്ചാബ് റെജിമെന്റ്, കുമോൺ റെജിമെന്റ്, ആർമ്ഡ് റെജിമെന്റ് തുടങ്ങിയ വിവിധ റെജിമെന്റുകളിൽ നിന്നുള്ള പരിശീലകരാണ് സെവൻ കേരള എൻ.സി.സി ക്യാമ്പിലുള്ളത്. കൂടാതെ എൻ.സി.സി ഓഫീസർ പരിശീലന അക്കാഡമിയിൽ നിന്ന് പരിശീലനം നേടിയ വനിതകളും ഇവിടെയുണ്ട്.
ഇതോടൊപ്പം വൈകിട്ടുള്ള കേരളീയ കലകളുടെ ആവിഷ്‌കാരം ഇതര സംസ്ഥാനക്കാരായ പരിശീലകർക്ക് നവ്യാനുഭവമായി. കേണൽ പി.കെ സോണിയാണ് ക്യാമ്പ് കമാൻഡന്റ്. ആയുധ പരിശീലനം ലഭിച്ച 17 വിദ്യാലയങ്ങളിൽ നിന്നുള്ള നിരവധി പെൺകുട്ടികളാണ് ക്യാമ്പിലെത്തിയിട്ടുള്ളത്.
പരിശീലനം ഇങ്ങനെ
വിധ തരത്തിലുള്ള റൈഫിൾ ഉപയോഗിച്ചുള്ള ഫയറിംഗ് പരിശീലനം
നിരീക്ഷണ പരിശീലനം
യുദ്ധത്തിന് ഉപയോഗിക്കുന്ന സിഗ്‌നലിനെ കുറിച്ചുള്ള വിശദീകരണം
ദിശ തെറ്റാതെയുള്ള നീക്കങ്ങൾ
പരേഡ്
കായിക പരിശീലനം