തൃശൂർ: ഓണത്തിന് മുമ്പേ നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കുമെന്ന കോർപറേഷന്റെ പ്രഖ്യാപനം പാഴ് വാക്കായി. കുഴി നിറഞ്ഞ റോഡിലൂടെയായിരുന്നു പുലിക്കളിക്കൂട്ടങ്ങൾ ചുവടുവെച്ചത്. പുലികൾ ഉറഞ്ഞുതുള്ളിയ സ്വരാജ് റൗണ്ടിൽ പോലും കുഴികളായിരുന്നു.
വർഷങ്ങൾക്കു മുമ്പ് മെക്കാഡം ടാറിംഗ് നടത്തിയ സ്വരാജ് റൗണ്ടിലൂടെയാണ് നിശ്ചല ദൃശ്യങ്ങളും ആയിരക്കണക്കിനാളുകളുമെത്തിയത്. മഴയ്ക്ക് മുമ്പ് തന്നെ തകർന്ന റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ വ്യാപാരികളും, സംഘടനകളും അടക്കമുള്ളവരും പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ മഴയെ പഴി പറഞ്ഞ് കോർപറേഷൻ മുഖം രക്ഷിക്കുകയായിരുന്നുവെന്നാണ് പരാതി.
പുലിക്കളി ആഘോഷത്തിന്റെ സംഘാടക സമിതി യോഗം ചേർന്നതിന് ശേഷം റോഡുകൾ നന്നാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി തകരാറുകൾ പരിഹരിക്കാനും കാനകൾ ശുചീകരിക്കാനും തകർന്ന സ്‌ളാബുകൾ മാറ്റിയിടാനും തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ നാല് ദിവസങ്ങളായി മഴയൊഴിഞ്ഞിട്ടും ടാറിംഗ് നടത്താൻ കോർപറേഷൻ തയ്യാറായില്ല. കഴിഞ്ഞ ദിവസമാണ് പൂങ്കുന്നം മേൽപ്പാലത്തിന് സമീപം സ്‌ളാബില്ലാത്ത കാനയിൽ വീണ് യുവാവിന് പരിക്കേറ്റത്.
വൈദ്യുതി തകരാർ പ്രവൃത്തികൾ സാധാരണയായി നടക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നാണ് വൈദ്യുതി വിഭാഗം പറയുന്നത്.