rajan
രാജൻ

മാപ്രാണം: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തിയേറ്റർ നടത്തിപ്പുകാരനും ഗുണ്ടകളും ചേർന്ന് സമീപവാസിയെ വെട്ടിക്കൊന്നു. മാപ്രാണം വർണ തിയേറ്റർ വാടകയ്‌ക്കെടുത്ത് നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് രവിയും ഗുണ്ടാ സംഘവും ചേർന്നാണ് ഇരിങ്ങാലക്കുട വാലത്ത് വീട്ടിൽ രാജനെ (63) വെട്ടിക്കൊന്നത്. സംഭവത്തിൽ പ്രതികളിലൊരാളായ ഊരകം സ്വദേശി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു സംഭവങ്ങളുടെ തുടക്കം. തിയേറ്ററിന് പിന്നിൽ താമസിക്കുന്ന രാജന്റെ വീട്ടിലേക്കുള്ള വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്‌തിരുന്നത് മാറ്റാൻ സഞ്ജയിനോട് ആവശ്യപ്പട്ടിരുന്നു. തുടർന്ന് ഇതേച്ചൊല്ലി വാക്കുതർക്കവുമുണ്ടായി. രാത്രി 12 നാണ് സഞ്ജയും ഗുണ്ടകളും വടിവാളുകളുമായെത്തി രാജൻ, മരുമകൻ വിനോദ് എന്നിവരെ വീട് കയറി ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ രാജനെയും വിനോദിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ രാജൻ മരിച്ചു.

രോഷാകുലരായ നാട്ടുകാർ തിയേറ്റർ ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും ഇരിങ്ങാലക്കുട സി.ഐ ബിജോയ് .പി.ആറും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സഞ്ജയ് മുമ്പും പ്രദേശത്ത് സംഘർഷമുണ്ടാക്കിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. ഭാര്യ : പുഷ്‌പ. മക്കൾ : വർഷ, വിൻഷ. മരുമക്കൾ: വിനോദ്, അമൽ.