ചാവക്കാട്: ചാവക്കാട് മേഖലയിലെ കടലോരത്ത് കഴിയുന്നത് നിരവധി മുള്ളൻ പന്നികൾ. മുനക്കകടവ് മുതൽ അണ്ടത്തോട് വരെയുള്ള കടലോരത്താണ് മുള്ളൻ പന്നികളുള്ളത്. കടലോരത്തെ കരിങ്കൽ ഭിത്തികൾക്കും കുറ്റിച്ചെടികൾക്കുമിടയിൽ കഴിയുന്ന ഇവ രാത്രി സമയങ്ങളിലാണ് പുറത്തിറങ്ങുക. ഈ സമയത്ത് വാഹനങ്ങൾ ഇടിച്ചാണ് അപകടങ്ങൾ സംഭവിക്കുന്നത്. മുൻപ് കടപ്പുറം ഇരട്ടപ്പുഴയിൽ ഒരു മുള്ളൻപന്നി വീട്ടിലെ കിണറ്റിൽ വീഴുകയും ബ്ലാങ്ങാട് ബീച്ചിൽ മറ്റൊരു മുള്ളൻപന്നി വാഹനമിടിച്ച് ചാവുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ മന്ദലാംകുന്ന് കുറുക്കൻചാലിനടുത്ത് അജ്ഞാത വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ എരുമപ്പെട്ടിയിൽ നിന്നെത്തിയ ഫോറസ്റ്റ് സംഘം കൊണ്ടുപോയി. ഇന്നലെ രാവിലെ 6.30ഓടെയാണ് പുതിയേടത്ത് ചന്ദ്രന്റെ വീടിനു മുന്നിൽ റോഡിൽ മുള്ളൻ പന്നി ചത്ത നിലയിൽ കണ്ടത്. വിവരമറിഞ്ഞ് പരിസരവാസികളായ ഷെഹീർ, കിലാബ്, അഷ്‌റഖ് എന്നിവർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.