deer

ചേലക്കര: പുള്ളിമാനെ കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമിച്ച സംഘത്തെ വനപാലകർ പിടികൂടി. അത്താണിപ്പറമ്പ് അറണോട്ടുകളം ബാബു (48),​ നിധിൻ ബാബു (25),​ അയ്യപ്പൻ കുട്ടി (49),​ ഉണ്ണിക്കൃഷ്ണൻ (45),​ കുമ്പളക്കോട് തോട്ടും പള്ള പ്രമോദ് (34) എന്നിവരെയാണ് പിടികൂടിയത്. നായ്ക്കൾ ഓടിച്ച് കുരുക്കിൽ അകപ്പെട്ട മാനിനെ തല്ലിക്കൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് വനപാലകർ ഇറച്ചി വാങ്ങാനെന്ന നിലയിൽ സംഘാംഗങ്ങളുമായി കിലോയ്ക്ക് 350 രൂപയ്ക്ക് കച്ചവടം ഉറപ്പിരുന്നു. ഇറച്ചി കൈമാറ്റത്തിനായി എത്തിയപ്പോൾ വനപാലകർ ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു. മുപ്പത് കിലോ ഇറച്ചിയും പിടിച്ചെടുത്തു.


പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ പുള്ളിമാനിന്റെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെടുത്തു. ഇറച്ചി കൊണ്ടുവന്ന ജീപ്പും പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് രഞ്ജിത്ത് രാജ്, സെക്‌ഷൻ ഓഫീസർ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.