തൃശൂർ: പുരുഷാരത്തിൻ്റെ ആവേശമായിരുന്ന പുലിക്കളിയെ തിരിച്ചുപിടിച്ച പെൺപുലിക്കൂട്ടം മൂന്നാം വട്ടവും സ്വരാജ് റൗണ്ടിൽ ശൗര്യം കാട്ടിയപ്പോൾ നാണം കെട്ടത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാതോരാതെ പറയുന്ന ജനപ്രതിനിധികളും ഭരണനേതൃത്വവും. പുലിക്കളിക്ക് ഇറങ്ങാൻ നൂറുകണക്കിന് സ്ത്രീകൾ തയ്യാറാണെന്ന് വിളിച്ചുപറയുമ്പോൾ മൂന്നുപേരെ പരിഗണിച്ചത് വിയ്യൂർ ദേശം മാത്രം.
സ്ത്രീകളെ രംഗത്തിറക്കുന്ന സംഘങ്ങൾക്ക് ഗ്രേസ് മാർക്കോ പ്രത്യേക പരിഗണനകളോ നൽകാൻ കോർപറേഷനും തയ്യാറായില്ല.
അവഗണനകൾ അതിജീവിച്ച് തയ്യൽത്തൊഴിലാളിയായ ചേറൂർ സ്വദേശി ഗീതയും കൂലിത്തൊഴിൽ ചെയ്യുന്ന വലപ്പാട് സ്വദേശി താരയും നർത്തകിയായ കൊച്ചി സ്വദേശി പാർവതിയുമാണ് പുലിവേഷധാരികളായി മാറിയത്. മറ്റെല്ലാ പുലിക്കളി സംഘങ്ങളോടും വനിതകളെ പരിഗണിക്കണമെന്ന് അപേക്ഷിച്ചെങ്കിലും തയ്യാറായില്ല. പക്ഷേ, വിയ്യൂർ ദേശം പതിവുപോലെ മൂന്നു പേരെ ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചു. പുലിക്കളി ഒരുക്കങ്ങൾക്ക് മുൻകാലങ്ങളിൽ പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നലെ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിൻ്റെ ഹാളിൽ നിരവധി സ്ത്രീകളാണെത്തിയത്. രാവിലെ തന്നെ അവർ ചമയപ്പുരകളിൽ സജീവമായി. കഴിഞ്ഞ വർഷങ്ങളിലും സ്ത്രീകൾ പുലിക്കളി സംഘത്തിൻ്റെ അണിയറകളിൽ എത്തി.
പുലിയൊരുക്കം
പുലികളായി മാറാൻ പ്രത്യേകം വസ്ത്രം തയ്പ്പിക്കും. പുരുഷന്മാർക്കെന്ന പോലെ പെയിന്റ് ഉപയോഗിച്ചുള്ള ചായം തേച്ച് തന്നെ സ്ത്രീകളും പുലികളാകും. സ്‌പ്രേ പെയിന്റു് ഉപയോഗിച്ച് വയറിലും പുലിമുഖങ്ങൾ വരച്ചു. പുലി മുഖങ്ങളുള്ള മുഖംമൂടിയും ധരിച്ചിരുന്നു.
തഴയപ്പെടുന്നു
''എന്തെല്ലാം പുരോഗമനം പറയുമ്പോഴും സ്ത്രീകൾ മറ്റ് ജോലികളിലെന്ന പോലെ പുലിക്കളിയിലും തഴയപ്പെടുകയാണ്. കഴിവിൻ്റെ പേരിലാണ് അവർ രംഗത്തിറങ്ങുന്നത്. നാല് സ്ത്രീകളെങ്കിലും പുലിക്കളി സംഘങ്ങളിൽ വേണമെന്ന നിബന്ധനയുണ്ടെങ്കിൽ വലിയ മാറ്റമുണ്ടാകും. സ്ത്രീകളെ ബാദ്ധ്യത ആയാണ് ഇപ്പോഴും കാണുന്നത്.''
-വിനയ, പ്രസിഡൻ്റ്, വിംഗ്‌സ്.
ചരിത്രം കുറിച്ചത് വിയ്യൂർ
# ആദ്യം പെൺപുലികൾ ചുവടുവെച്ച് ചരിത്രമായത് 2016 ൽ.
# അന്ന് വിയ്യൂർ ദേശം ഇറക്കിയത് 3 പെൺപുലികളെ
# 2017 ലും പെൺപുലികളിറങ്ങി തരംഗമായി
# കഴിഞ്ഞവർഷം പ്രളയം കാരണം പുലിക്കളി ഒഴിവാക്കി
പെൺപുലികളുടെ ചിറക്
വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിമെൻ ഇന്റഗ്രേഷൻ ആന്റ് ഗ്രോത്ത് ത്രൂ സ്‌പോർട്‌സാണ് (വിംഗ്‌സ്) പെൺപുലികൾക്ക് ചിറക് നൽകിയത്. സംസ്ഥാന പ്രസിഡന്റ് രാമവർമപുരം കേരള പൊലീസ് അക്കാഡമിയിലെ എ.എസ്.ഐ വിനയ ആയിരുന്നു നേതൃത്വം നൽകിയത്. അദ്ധ്യാപികയും ഫാഷൻ ഡിസൈനറും കൂലിപ്പണിക്കാരുമെല്ലാം പുലികളാകാൻ ഒരുങ്ങി വന്നു. വിനയയും പുലിയായി വേഷമിട്ട് അവർക്ക് ആവേശം പകർന്നു.