ചാലക്കുടി: കുറ്റിച്ചിറ ചായ്പ്പൻകുഴി റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി. പൊതുമരാമത്ത് റോഡ് കുണ്ടുംകുഴിയുമായിട്ട് ഇവിടെ വർഷങ്ങളായി. വലിയ വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പലതവണ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പട്ടു. എന്നിട്ടും നടപടിയുണ്ടായില്ല.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രസ്തുത റോഡിന്റെ നവീകരണം കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയിരുന്നു. വെള്ളിക്കുളങ്ങര റോഡിൽ നിന്നും പത്തു കിലോ മീറ്റർ ദൂരം നിർമ്മിക്കുന്ന ബി.എം.ബി.സി റോഡ് നവീകരണത്തിലാണ് ഇതും ഉൾപ്പെടുത്തിയിരുന്നത്. കുറ്റിച്ചിറ ജംഗ്ഷൻ മുതൽ മുന്നൂറ് മീറ്റർ ദൂരമാണ് ഇവിടെ പൊതുമരാമത്ത് വകുപ്പിന്റെ പരിധയിൽ വരുന്നത്. തുടർന്ന് ചായ്പ്പൻകുഴിയും മറ്റും ഉൾപ്പെടുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലും.
കിഫിബിയുടെ എസ്റ്റിമേറ്റിന് ഇനിയും അംഗീകാരമായില്ലെന്ന് അധികൃതർ പറയുന്നു. ഇതിനിടെ കുറ്റിച്ചിറയിലെ തകർന്ന ഭാഗം ഉടൻ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ അറിയിച്ചു.