തൃശൂർ: ഓണം പിന്നിടുമ്പോഴും കുതിരാനിൽ കുരുങ്ങുമോ എന്ന ആശങ്കയിൽ 28 സ്വകാര്യ ബസുകൾ ബസ് സർവീസ് നിറുത്തി ജി ഫോമിന് അപേക്ഷ നൽകി. കുഴികൾ അടച്ച് സുരക്ഷ ഒരുക്കിയില്ലെങ്കിൽ തൃശൂർ-പാലക്കാട് റൂട്ടിൽ മുഴുവൻ സ്വകാര്യ ബസുകളും നിറുത്തിവയ്ക്കുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്.

ഓണാവധി കഴിഞ്ഞ് സ്‌കൂളുകളും സർക്കാർ ഓഫീസുകളും സജീവമാകുന്നതോടെ ഇന്ന് മുതൽ കുരുക്ക് കൂടുതൽ മുറുകും. വഴുക്കുംപാറ മുതൽ കൊമ്പഴ വരെയാണ് റോഡുകൾ പൂർണമായും തകർന്നത്. കുഴികൾ അടക്കാനിട്ട ക്വാറി വേസ്റ്റ് കൂടുതൽ ദുരിതം വിതയ്ക്കുകയാണ്. പഴയ കുഴികൾ വലുതായെന്ന് മാത്രമല്ല, പൊടി മൂലം നാട്ടുകാർക്ക് വഴിനടക്കാൻ പോലും പറ്റുന്നില്ല. തകർന്ന റോഡിലൂടെ സർവീസ് നടത്തുമ്പോൾ വേണ്ടി വരുന്ന അധിക ഇന്ധന ചെലവും ബസിന് അറ്റകുറ്റപ്പണി ചെലവും ഇനി താങ്ങാൻ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്.

നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ഇത് മറികടക്കാൻ എൽ ആൻഡ് ടിയിൽ നിന്ന് വായ്പ ലഭ്യമാക്കാനാവശ്യമായ പിന്തുണ നൽകുമെന്നായിരുന്നു കേരളത്തിലെ ജനപ്രതിനിധികൾക്ക് കേന്ദ്രം നൽകിയ ഉറപ്പ്. കഴിഞ്ഞ ജൂലായ് 12നാണ് ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ കേരളത്തിലെ ജനപ്രതിനിധികൾ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി ചർച്ച നടത്തിയത്. നിർമ്മാണ കമ്പനിക്ക് എളുപ്പം വായ്പ ലഭ്യമാകില്ലെന്നാണ് പുതിയ വിവരം. ഈ സാഹചര്യത്തിൽ പുതിയ കമ്പനിക്ക് നിർമ്മാണം കൈമാറേണ്ടി വരും. ദേശീയപാത വില്ലൻ വളവിൽ തമിഴ്‌നാട് ഗവൺമെന്റ് അന്തർ സംസ്ഥാന ബസ് കേടായതിനെ തുടർന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ ആരംഭിച്ച കുരുക്ക് രാത്രി എട്ടുവരെയാണ് നീണ്ടത്.


ബസുകൾക്ക് പ്രതിദിന അധിക ചെലവ്

ഇന്ധനം: 20 ലിറ്റർ ഡീസൽ
ചെലവഴിക്കേണ്ടത് : 1600 രൂപ
അറ്റകുറ്റപ്പണി : കുറഞ്ഞത് 1000 രൂപ
കുതിരാൻ വഴി ഒരു ദിവസം കടന്നുപോകുന്ന ശരാശരി വാഹനങ്ങൾ: 25,000

സർവീസ് നിറുത്തിവച്ച ബസുകൾ 28


 വീണ്ടും ഹൈക്കോടതിയെ സമീപിക്കും

സുരക്ഷ ഒരുക്കാനും റോഡ് ടാറ് ചെയ്യാനും മനുഷ്യാവകാശ കമ്മിഷന്റെയും ഹൈക്കോടതിയുടെയും ഉത്തരവുണ്ട്. കോടതി ഉത്തരവ് ലംഘിച്ച കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യേണ്ട ഉത്തരവാദിത്വം സിറ്റി പൊലീസിനാണ്. ഇതൊന്നും നടക്കുന്നില്ല. അടുത്ത ദിവസം ഒരു ഹർജി കൂടി ഹൈക്കോടതിയിൽ സമർപ്പിക്കും

ഷാജി കോടങ്കണ്ടത്ത്

(ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി)


 മുഖ്യമന്ത്രിക്ക് കത്ത് നൽകി


കേരളത്തിലെ മുഴുവൻ എം.പിമാരും ഈ വിഷയം കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്രമന്ത്രി വി. മുരളീധരൻ സ്ഥലം സന്ദർശിച്ചു. എന്നിട്ടും പരിഹാരമാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്

ടി.എൻ. പ്രതാപൻ എം.പി.


 സർവീസ് ലാഭകരമല്ല


നിലവിലെ സ്ഥിതിയനുസരിച്ച് ഈ റൂട്ടിൽ ബസ് സർവീസ് നടത്തുക ലാഭകരമല്ല. ആരോടും പരാതി പറഞ്ഞിട്ടും കാര്യമില്ലാത്ത സ്ഥിതിയാണ്. 26 ബസുകൾ സർവീസ് നിറുത്തി വച്ചു

എം.എസ്. പ്രേംകുമാർ

(ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ, പ്രസിഡന്റ്)