തൃശൂർ: പുലിക്കളി മത്സരത്തിൽ സമ്മാനാർഹരെ തെരഞ്ഞെടുത്തതിൽ വിവേചനം നടന്നതായി കോർപറേഷൻ പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് സംഘങ്ങൾക്ക് ഒരുമിച്ച് മൂന്നാം സ്ഥാനം നൽകുന്നത്. ഇത് ഏത് മാനദണ്ഡമനുസരിച്ചാണെന്ന് വ്യക്തമാക്കണം. പുലിക്കളി സംഘങ്ങളുടെ വരയും, മെയ്യഴകും, പുലിക്കൊട്ടും, സംഘടനാ മികവുമാണ് മാർക്കിന് വിധേയമാക്കേണ്ടത്. കോർപറേഷൻ ഭരണക്കാർക്കും മാർക്കിടേണ്ടി വന്നതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്. പുലിക്കളിക്ക് ടൂറിസം വകുപ്പ് നൽകാറുള്ള ധനസഹായം ഇത്തവണ കിട്ടിയില്ല. പുലിക്കളിയെ കോർപറേഷനും മന്ത്രിമാരും കൂടി അട്ടിമറിച്ചെന്നും ജോൺ ഡാനിയൽ കുറ്റപ്പെടുത്തി.