മാള: സംവരണം വേണ്ടെന്ന ചർച്ചകളെ ചെറുക്കാൻ പിന്നാക്ക സമുദായങ്ങൾക്ക് കഴിയണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. വിശ്വകർമ്മ സമാജം അഷ്ടമിച്ചിറ മേഖല ഇരുപത്തിയഞ്ചാം വാർഷികവും വിശ്വകർമ്മ ജയന്തി ആഘോഷവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണം ഇല്ലാതാക്കിയാൽ നേരത്തെ ആനുകൂല്യം ലഭിച്ച വിഭാഗങ്ങൾക്ക് വീണ്ടും ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. സംവരണം ഇല്ലാതിരുന്നുവെങ്കിൽ പിന്നാക്ക സമുദായങ്ങളുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഹിന്ദി മാത്രമല്ല രാജ്യത്തെ ഭാഷയെന്നും അത്തരത്തിലുള്ള നീക്കം ദോഷം ചെയ്യുമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. മുൻ.എം.എൽ.എ. ടി.യു രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, പഞ്ചായത്ത് മെമ്പർമാരായ സുനിത മനോഹർ, അമ്പിളി തിലകൻ, സമാജം പ്രസിഡന്റ് കെ.കെ സുഗതൻ, സെക്രട്ടറി പി.എം മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.