തൃശൂർ: രൂക്ഷമായ മഴക്കെടുതിയും മണ്ണിടിച്ചിലും മൂലമുണ്ടായ നാശനഷ്ടം വിലയിരുത്താൻ കേന്ദ്ര സർക്കാരിന്റെ വിദഗ്ദ്ധ സംഘം 18 ന് ജില്ലയിലെത്തും. നാശനഷ്ടങ്ങൾ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ കളക്ടർ കേന്ദ്ര സംഘത്തിന് മുന്നിൽ വിശദീകരിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ കേന്ദ്ര സംഘത്തോടൊപ്പമുണ്ടാകും. കേന്ദ്ര സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന്റെ മാനദണ്ഡ പ്രകാരമുള്ള സഹായമാണ് ലഭിക്കുക. കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലാതല അവലോകന യോഗം ചേർന്നു. തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കൃഷി നാശം, കന്നുകാലികളുടെ നഷ്ടം, റോഡുകൾ, കെട്ടിടങ്ങൾ, വൈദ്യുതി മേഖല, ജലസേചന കുടിവെള്ള വിതരണ മേഖലകൾ, ഭവന നഷ്ടം എന്നീ മേഖലകളിലെ നഷ്ടക്കണക്കുകളുടെ വിശദ റിപ്പോർട്ട് ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കി. ഇക്കൊല്ലം 127% അധിക മഴയാണ് തൃശൂരിൽ ലഭിച്ചത്. കഴിഞ്ഞ കൊല്ലത്തെ പുനർനിർമ്മാണങ്ങളെയും മഴക്കെടുതി ബാധിച്ചു. ജില്ലയിലെ യഥാർത്ഥ നഷ്ടം വലുതാണെങ്കിലും കേന്ദ്രമാനദണ്ഡ പ്രകാരമുള്ള റിപ്പോർട്ടാണ് കേന്ദ്ര സംഘത്തിന് മുമ്പാകെ സമർപ്പിക്കുക. ഇതിനുള്ള തയ്യാറെടുപ്പുകൾ അവലോകന യോഗം വിലയിരുത്തി.


 കേന്ദ്ര സംഘത്തിലുള്ളവർ

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ അനിത ബാഗേൽ, ജലവിഭവ മന്ത്രാലയത്തിലെ എസ്.ഇ.വി മോഹൻ മുരളി, ഗതാഗത മന്ത്രാലയം റീജണൽ ഓഫീസർ വി.വി ശാസ്ത്രി

നഷ്ടം ഇങ്ങനെ..

കൃഷിനാശം : 2654 ഹെക്ടർ പ്രദേശത്ത്
കർഷകരുടെ നഷ്ടം 391.11 ലക്ഷം രൂപ
മൃഗപരിപാലനം: 66.85 ലക്ഷം രൂപ
ഫിഷ് ഫാം: 357 ലക്ഷം രൂപ
വൈദ്യുതി മേഖല: 879.38 ലക്ഷം രൂപ
കുടിവെള്ള വിതരണ മേഖല: 386.24 ലക്ഷം
റോഡ് നാശം: 459 കിലോമീറ്റർ


വീട് നാശം


പൂർണം: 80
സാരമായത്: 689
ഭാഗികം: 23,144