ചേലക്കര: മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ആഘോഷം 19 വ്യാഴാഴ്ച നടക്കും. ക്ഷേത്ര ചടങ്ങുകൾ കൊണ്ട് സമ്പുഷ്ടമാണ് നിറമാല ആഘോഷം .അന്നേദിവസം ക്ഷേത്രം താമരപ്പൂ തോരണങ്ങളാൽ അലംകൃതമാകും. ദീപാലങ്കാരത്തിലും ആനച്ചമയ പ്രഭയിലും ശോഭിക്കും. നാഗസ്വരമാധുരിയും ,പഞ്ചാരിമേളത്തിന്റേയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെയുള്ള തലയെടുപ്പുള്ള ഗജവീരൻമാർ എഴുന്നെള്ളുന്ന ശീവേലിയും നയനാനന്ദകകരമാണ്.
പുതിയൊരു ഉത്സവകാലത്തിനു തുടക്കം കുറിക്കുന്ന നിറമാലക്ക് നാനാ ദിക്കിൽ നിന്നുമുള്ള പ്രഗൽഭരായവാദ്യകലാകാരൻമാർ വില്വാദ്രിനാഥ സന്നിധിയിലെത്തി വിദ്യാർച്ചന നടത്തുന്നതും പതിവാണ്. ഏക്കമൊഴിവാക്കി ഉടമസ്ഥർ ഗജവീരൻമാരെ എഴുന്നെള്ളിപ്പിന് കൊണ്ടുവരുന്നതും പ്രത്യേകതയാണ്.
നിറമാല ഉത്സവത്തിനുള്ള ഒരുക്കങ്ങൾ വില്വാദ്രിനാഥ ക്ഷേത്രത്തിൽ പൂർത്തിയായി വരുന്നു.