എരുമപ്പെട്ടി: വേലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച കോൺഗ്രസ് മെമ്പർമാർക്കെതിരെ പൊലീസ് ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുത്തു. പ്രതിപക്ഷ നേതാവ് പി.കെ. ശ്യാംകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്വപ്ന രാമചന്ദ്രൻ, മെമ്പർമാരായ എൽസി ഔസേപ്പ്, ഡെയ്‌സി ഡേവീസ്, എൽ.ഡി. സിമി, ശ്രീജ നന്ദൻ എന്നിവർക്ക് എതിരെയാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തിട്ടുള്ളത്.

തെരുവ് വിളക്കുകൾ തെളിയിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഒരാഴ്ച മുമ്പാണ് കോൺഗ്രസ് മെമ്പർമാർ സെക്രട്ടറിയെ ഓഫീസിൽ കയറി ഉപരോധിച്ചത്. ആറ് മണിക്കൂർ നടത്തിയ പ്രതിഷേധ സമരത്തിൽ ആദ്യത്തെ രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ സെക്രട്ടറിയെ സ്വതന്ത്രനാക്കിയിരുന്നു. പിന്നീട് കുത്തിയിരിപ്പ് സമരം നടത്തിയ മെമ്പർമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

പ്രതിഷേധ സമരം നടത്തിയ മെമ്പർമാരെ ഭരണ സ്വാധീനം ഉപയോഗി അന്യായമായി കേസെടുപ്പിച്ച സി.പി.എം പഞ്ചായത്ത് ഭരണ സമിതിയുടെയും പൊലീസിന്റെയും നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു. ഇതിനെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് നേതാക്കളായ സുരേഷ് മമ്പറമ്പിൽ, പി.ആർ. വേലുകുട്ടി, പി.പി. രാമചന്ദ്രൻ എന്നിവർ അറിയിച്ചു.