ചാലക്കുടി: പ്രളയം സമ്മാനിച്ച കൊച്ചുവെള്ളച്ചാട്ടം തുമ്പൂർമുഴി പൂന്തോട്ടത്തെ ജനപ്രിയ താവളമാകുന്നു. തൂക്കുപാലത്തിലേക്കുള്ള നടപ്പാതയുടെ ഇടതു ഭാഗത്ത് വനംവകുപ്പിന്റെ സ്ഥലത്താണ് ഈ താത്കാലിക ജലപാതം. നേരത്തെ ഇതൊരു നീർച്ചാലായിരുന്നു. പാറയിടുക്കിൽ നിന്നും ഒഴുകിയെത്തിയിരുന്ന വെള്ളം ഉല്ലാസ കേന്ദ്രത്തിലെ കാനയിലൂടെ ഒഴുകി തൊട്ടടുത്ത പുഴയിലേക്ക് എത്തുകയായിരുന്നു പതിവ്.
മഴക്കാലം അവസാനിക്കുന്നതോടെ തോടും നിർജീവമാകും. പ്രളയത്തിൽ വനത്തിനകത്തുണ്ടായ പാറക്കൂട്ടങ്ങളുടെ സ്ഥാന ഭ്രംശമായിരിക്കണം ഇവിടെ പുതിയൊരു തോടിനും ജന്മം നൽകിയത്. ഇവ ആറടിയോളം ഉയരത്തിൽ പാറയുടെ മുകളിലൂടെ താഴേക്ക് പതിക്കാനും തുടങ്ങി. രണ്ടിടത്താണ് വെള്ളം താഴേക്ക് ചാടുന്നത്. ഇതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കൊച്ചനിയത്തിയെന്ന ഓമനപ്പേരും ഇതിനു വീണു.
വിനോദ സഞ്ചാരികൾക്ക് ഇതൊരു കുളിരുള്ള കാഴ്ചയാണ്. തൂക്കപാലത്തിലേക്കുള്ള പോക്കിൽ ഇവിടെ പത്തു മിനിറ്റ് ചെലവഴിക്കാനും സെൽഫിയെടുക്കാനും ആളുകളുടെ തിക്കും തിരക്കുമായി. കുട്ടികൾ കൂട്ടമായാണ് എത്തുന്നത്. മരങ്ങൾ തിങ്ങി നിറഞ്ഞതിനാൽ തണലിന്റെ സാമീപ്യവുമുണ്ട്. ചിലരാകട്ടെ വെള്ളച്ചാട്ടത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമവും തുടങ്ങി. ഇതു വനംവകുപ്പിനെ അലോസരപ്പെടുത്തുന്നു. കാട്ടിലേക്ക് ആളുകൾ കയറുന്നത് നിയന്ത്രിക്കണമെന്ന് അവർ വിനോദ സഞ്ചാര കേന്ദ്രം അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് തെല്ലകലെ നിന്ന് കൊച്ചുവെള്ളച്ചാട്ടം വീക്ഷിക്കാൻ സൗകര്യം ചെയ്യാനാണ് തുമ്പൂർമുഴി ഡി.എം.സി ആലോചിക്കുന്നത്...