ഗുരുവായൂർ: ക്ഷേത്രത്തിൽ അടുത്ത ആറ് മാസത്തേക്കുള്ള പുതിയ മേൽശാന്തിയെ ഇന്ന് തിരഞ്ഞെടുക്കും. മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചതിൽ ലഭിച്ച 59 അപേക്ഷകരിൽ നിന്ന് 57 പേരെ വലിയതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് ദേവസ്വം ഓഫീസിൽ കൂടിക്കാഴ്ച ആരംഭിക്കും. യോഗ്യത നേടിയ അപേക്ഷകരുടെ പേരുകളിൽ നിന്ന് നറുക്കെടുത്ത് മേൽശാന്തിയെ നിശ്ചയിക്കും. ഗുരുവായൂരപ്പന് മുന്നിൽ നമസ്‌കാര മണ്ഡപത്തിൽ ഇപ്പോഴത്തെ മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി വെള്ളി കുംഭത്തിൽ നിന്നു നറുക്കെടുക്കും. ഉച്ചപൂജ കഴിഞ്ഞ് നട തുറന്നശേഷമാണ് ഭക്തരുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുപ്പ് നടക്കുക. പുതിയ മേൽശാന്തി ഈ മാസം 30ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ചുമതലയേൽക്കും.