തൃപ്രയാർ: ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണി മാഷുടെ സ്മാരകം എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. 23ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗീതാഗോപി എം.എൽ.എ ചെയർമാനായി സർക്കാർ പ്രഖ്യാപിച്ച സ്മാരക സമിതിയുടെ നേത്യത്വത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.

കോസ്റ്റ് ഫോർഡിനായിരുന്നു നിർമ്മാണ ചുമതല. കോഴിക്കോട്ടെ മരം സ്റ്റുഡിയോവിലെ യുവ ആർക്കിടെക്ടുകളാണ് സ്മാരകം രൂപകല്പന ചെയ്തത്. നേരത്തേ വി.എസ് അച്യുതാനന്ദൻ സർക്കാരും ഉമ്മൻ ചാണ്ടി സർക്കാരും സ്മാരക സമിതി പ്രഖ്യാപിച്ചിരുന്നു. ടി.എൻ. പ്രതാപൻ ആയിരുന്നു രണ്ട് സമിതികളുടെയും ചെയർമാൻ. സ്മാരക നിർമ്മാണത്തിനായി തുകയും ബഡ്ജറ്റിൽ മാറ്റിവെച്ചിരുന്നു.

രാഷ്ടീയ വിവാദങ്ങളെ തുടർന്ന് സ്മാരക നിർമ്മാണത്തിന് തുടക്കമിടാനായില്ല. തുടർന്ന് രണ്ട് സമിതികളും രാജിവച്ചൊഴിയുകയായിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ അവസാനനാളുകളിൽ സ്മാരക നിർമ്മാണം ആരംഭിക്കാത്തതിനെതിരെ ശക്തമായ സമരങ്ങൾ ഉണ്ടായി. ബന്ധുക്കൾ സ്മാരക നിർമ്മാണത്തിനായി വിട്ടുകൊടുത്ത ഭൂമി നീർത്തടമാണെന്നും അതിൽ നിർമ്മാണം സാദ്ധ്യമല്ലെന്നും പിന്നീട് വ്യക്തമാക്കി ടി.എൻ. പ്രതാപൻ രാജി വച്ചൊഴിയുകയായിരുന്നു.

പിണറായി സർക്കാരിന്റെ തുടക്കത്തിൽ ഗീത ഗോപി എം.എൽ.എ സമരസമിതി യോഗത്തിലെത്തി ജനങ്ങൾ ഒപ്പിട്ട ഭീമ ഹർജി എറ്റുവാങ്ങി. തുടർന്ന് ഗീത ഗോപി എം.എൽ.എ നിയമസഭയിൽ സബ്മിഷൻ കൊണ്ടുവന്നു. സാംസ്കാരിക വകുപ്പുമന്ത്രി എ.കെ. ബാലനുമായി ചർച്ച നടത്തി. അങ്ങിനെ 25 ലക്ഷം രൂപ സ്മാരക നിർമ്മാണത്തിനായി അനുവദിച്ചു.

നീർത്തട പരിധിയിൽ ഉൾപ്പെട്ട ഭൂമി സ്മാരകത്തിന്റെ കീഴ്ഭാഗത്ത് താമരക്കുളമായി സംരക്ഷിച്ചിരിക്കുയാണിപ്പോൾ. ഒരു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിനും സമരങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് കുഞ്ഞുണ്ണി മാഷുടെ സ്മാരകം യാഥാർത്ഥ്യമാകുമ്പോൾ സ്വന്തം നാട്ടുകാർ സമരത്തിനിറങ്ങിയത് ചരിത്രം.

ചെലവ് ഇങ്ങനെ

സംസ്ഥാന സർക്കാരിന്റെ 25 ലക്ഷം

വലപ്പാട് പഞ്ചായത്തിന്റെ 13 ലക്ഷം രൂപ

എം.എൽ.എ ഫണ്ടിൽ നിന്ന് 5 ലക്ഷം

നിർമ്മാണത്തിന് ആകെ ചെലവ് 43 ലക്ഷം