തൃശൂർ: രാഷ്ട്രീയ കക്ഷികളെല്ലാം കൈയൊഴിഞ്ഞതോടെ, മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ ഗതാഗതപ്രശ്നവും കുതിരാൻ തുരങ്കത്തിൻ്റെ നിർമ്മാണത്തിലെ കാലതാമസവും ഉയർത്തിക്കാട്ടി സമരം ചെയ്യാനും പ്രതിഷേധസ്വരം ഉയർത്താനും വാഹന ഉടമകളുടെ സംഘടനകൾ മാത്രം. സൂചനാസമരം നടത്തിയിട്ടും ഫലമുണ്ടാവാത്ത സാഹചര്യത്തിൽ അനിശ്ചിതകാല സമരത്തിലൂടെ സമരമുഖം ശക്തമാക്കാനൊരുങ്ങുകയാണ് ലോറി ഉടമകളുടെ സംഘടന. അതേസമയം, സ്വകാര്യ ബസുടമകൾ സർവീസ് നിറുത്താനുളള അപേക്ഷയും നൽകി. തൃശൂർ- പാലക്കാട് റൂട്ടിൽ മുഴുവൻ സ്വകാര്യ ബസുകളും നിറുത്തിവയ്ക്കുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്. സ്വകാര്യബസുകൾ മുൻപും സർവീസ് നിറുത്തി പ്രതിഷേധിച്ചിരുന്നു. പാലക്കാട്ട് നിന്നുള്ള ബസുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ച് പ്രതിഷേധിക്കുന്നുണ്ട്.
ഇടതുസംഘടനകളും കോൺഗ്രസും ബി.ജെ.പിയും മുൻകാലങ്ങളിൽ രംഗത്തുണ്ടായിരുന്നെങ്കിലും, ഈ ഓണക്കാലത്ത് വാഹനങ്ങൾ മണിക്കൂറുകളോളം വഴിയിൽ കിടന്നിട്ടും പ്രതിഷേധം ഉയർത്തിയില്ല. ഇതോടെയാണ്, രണ്ടര ലക്ഷത്തോളം ലോറികളും രണ്ടായിരത്തോളം ഉടമകളുമുളള സംഘടനയായ ലോറി ഓണേഴ്സ് ഫെഡറേഷൻ്റെ ജില്ലാ ഘടകമായ ജില്ലാ ലോറി ഓപറേറ്റേഴ്സ് അസോസിയേഷൻ സത്യഗ്രഹം നടത്തിയത്.
ഈയിടെ കുഴി അടച്ചതോടെ, താത്കാലികമായി ഗതാഗതക്കുരുക്ക് കുറഞ്ഞെങ്കിലും മഴ പെയ്തപ്പോൾ റോഡ് തകർന്നു. ചരക്ക് വാഹനങ്ങൾ കുഴിയുളള സ്ഥലങ്ങളിൽ വേഗം കുറയ്ക്കുന്നതോടെ കുരുക്ക് ശക്തമാകും. ഒറ്റ മിനിട്ട് വാഹനങ്ങൾ നിശ്‌ചലമായാൽ ഒരു കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങും. തൃശൂർ - പാലക്കാട് - പൊള്ളാച്ചി റൂട്ടിലോടുന്ന ബസുകൾ കുരുക്കിൽപ്പെട്ട് സമയം നഷ്‌ടപ്പെടാതിരിക്കാൻ മരണപ്പാച്ചിലിലാണ്. അധിക ഡീസൽ ചെലവ്, ട്രിപ്പ് നഷ്‌ടം ഉൾപ്പടെ പ്രശ്നമാണ് ബസുടമകളും ചൂണ്ടിക്കാട്ടുന്നത്. ലോറികൾ അപകടത്തിൽപ്പെടുന്നതും കുഴികളിൽപ്പെട്ട് ചരക്ക് വാഹനങ്ങളുടെ നിയന്ത്രണം നഷ്‌ടപ്പടുന്നതും പതിവാണ്.
ഹൈക്കോടതിയിലേക്ക് ദേശീയപാതയിലെ ഗതാഗതപ്രശ്നം സംബന്ധിച്ച ഹർജി സമർപ്പിക്കാനുളള ശ്രമങ്ങളുമുണ്ട്.
ഹർജിയിലെ പ്രധാന ആവശ്യങ്ങൾ:
1. ദേശീയപാത പൂർണ്ണമായും റീടാർ ചെയ്യുക
2. തുരങ്കനിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുക്കുക
3. തുടർച്ചയായി കരാർലംഘനം നടത്തിയ കമ്പനിയെ ഒഴിവാക്കുക
ബസുടമകൾക്ക് പിന്തുണ
''പതിറ്റാണ്ടിലേറെക്കാലമായിട്ടും ഈ പാതയിലെ ഗതാഗതപ്രശ്നം പരിഹരിക്കാനായിട്ടില്ല. കൃത്യസമയത്ത് ലോറികൾ ഓടിച്ചെത്തിക്കാനാവുന്നില്ല. ഡീസൽ നഷ്ടവും താങ്ങാനാവുന്നില്ല. മണിക്കൂറുകളോളം റോഡിൽ കുരുങ്ങിക്കിടക്കുന്ന അവസ്ഥ തുടരാനാവില്ല. ജില്ലയിൽ ടിപ്പർ ഒഴികെ, അഞ്ഞൂറോളം ലോറി ഉടമകൾക്ക് രണ്ടായിരത്തോളം ലോറികളുണ്ട്. ബസുടമകളുടെ പ്രതിഷേധത്തിന് പിന്തുണ നൽകും. സമരം ശക്തമാക്കാനാണ് തീരുമാനം.''
- അഡ്വ. പി.കെ. ജോൺ, സംസ്ഥാന പ്രസിഡൻ്റ് , ലോറി ഓണേഴ്സ് ഫെഡറേഷൻ
നിയന്ത്രണാതീതം
''ഓണത്തിൻ്റെ തിരക്ക് നിയന്ത്രണാതീതമായിരുന്നു. ചരക്ക് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്.''
- ഹൈവേ പൊലീസ്