പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ പ്രാദേശിക വാസികൾക്ക് സൗജന്യ യാത്ര പാസ് നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ടോൾ പ്ലാസക്ക് പത്ത് കി.മീറ്റർ പരിധിയിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രമേയം പാസാക്കണമെന്ന് ഡി.സി.സി ടോൾ ഉപദേശക സമിതി ചെയർമാൻ അഡ്വ.ജോസഫ് ടാജറ്റ് വാർത്താ സമ്മേളനത്തിൽ ആവശ്യപെട്ടു.കോൺഗ്രസ് ഭരിക്കുന്ന തദേശ സ്ഥാപനങ്ങളിൽ പ്രമേയം പാസാക്കണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എൽ.ഡി.എഫ് ഭരിക്കുന്നിടങ്ങളിൽ കോൺഗ്രസ് പാർലിമെന്ററി നേതാക്കളോട് ഈ ആവശ്യം ഭരണ സമിതി യോഗങ്ങളിൽ ഉന്നയിക്കാൻ ആവശ്യപെട്ടിട്ടുണ്ടെന്നും ടാജറ്റ് അറിയിച്ചു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രത്യേക ഗസറ്റ് വിജ്ഞാപനം ഇറക്കിയാണ് പരിസരവാസികൾക്ക് സൗജന്യ യാത്ര അനുവദിച്ചത്. കഴിഞ്ഞ വർഷം എപ്രിൽ 11ന് നാഷണൽ ഹൈവേ അതോററ്റി പുറത്തിറക്കിയ ഉത്തരവിലൂടെയാണ് യാത്ര സൗജന്യം ടോൾ കമ്പനി നിറുത്തലാക്കിയത്. കഴിഞ്ഞ വർഷം എപ്രിൽ 16 മുതൽ ഫാസ്റ്റ് ടാഗ് സംവിധാനം നടപ്പിലാക്കണമെന്ന നിർദേശത്തെ തുടർന്നാണ് ടോൾ കമ്പനി പഴയതും പുതിയതുമായ തദേശീയരുടെ വാഹനങ്ങൾക്ക് പാസ് പുതുക്കി നൽകൽ നിറുത്തിയത്. സൗജന്യ പാസ് വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദ്വിത്വം മറക്കരുതെന്ന് ടാജറ്റ് ആവശ്യപെട്ടു.
മറ്റത്തൂർ, വരന്തരപ്പിള്ളി, കൊടകര പഞ്ചായത്തുകളിലെ എല്ലാ നിവാസികൾക്കും ലഭിച്ചിരുന്ന സൗജന്യം ഇപ്പോൾ തന്നെ 10 കി.മീറ്റർ ആക്കി ടോൾ കമ്പനി നിഷേധിച്ചതായും ടാജറ്റ് പറഞ്ഞു. ടോൾ നിഷേധത്തിനെതിരെ കോൺഗ്രസ് ഹൈക്കോടതിയിൽ നൽകിയ ഹർജി തീർപ്പാക്കാതെ നിലനിൽക്കുകയാണ്. വാർത്താ സമ്മേളനത്തിൽ കെ.എൽ. ജോസ് മാസ്റ്റർ, കെ.എൽ. ജെയ്‌സൻ എന്നിവരും പങ്കെടുത്തു.