അട്ടിമറിച്ചുവെന്ന് എം.എൽ.എ
തൃശൂർ: സി.പി.എം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ ജയന്തനും സുഹൃത്തുക്കളും ചേർന്ന് വീട്ടമ്മയെ കൂട്ടബലാൽസംഗം ചെയ്തെന്ന കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. യുവതിയുടെ പരാതി വ്യാജമാണെന്നും അനിൽ അക്കര എം.എൽ.എക്ക് ആഭ്യന്തര വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കി. സാമ്പത്തിക ഇടപാടിലെ തർക്കമാണ് പരാതിക്ക് കാരണമെന്നും റിപ്പോർട്ടിലുണ്ട്.
2016 നവംബർ 17ന് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിനാണ് ആഭ്യന്തര വകുപ്പിൻ്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി പരാതി വ്യാജമാണെന്ന് വടക്കാഞ്ചേരി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ കൗൺസിലർ 3.5 ലക്ഷം രൂപ രേഖകളില്ലാതെ പരാതിക്കാരിക്ക് കൊടുത്തിരുന്നുവെന്നും അത് തിരികെ ചോദിച്ചപ്പോൾ പരാതിക്കാരിയുടെ ഭർത്താവിനെ പ്രതികൾ മർദ്ദിച്ചതിന്റെ വിരോധത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ പരാതി നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യാതൊരു തെളിവും ലഭിച്ചില്ലെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
2016ലാണ് പരാതിക്കടിസ്ഥാനമായ ആരോപണം ഉയർന്നത്. രണ്ടു വർഷം മുൻപാണ് സംഭവം നടന്നതെന്നും പൊലീസ് അന്ന് കേസ് മുക്കിയെന്നും യുവതി, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം അന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചത് വൻ വിവാദമായിരുന്നു. ജയന്തനെ സി.പി.എം സസ്‌പെൻഡ് ചെയ്തിരുന്നു. ഇരയുടെ പേര് പരസ്യപ്പെടുത്തിയെന്ന ആക്ഷേപത്തിൽ സി.പി.എം തൃശൂർ ജില്ലാ മുൻ സെക്രട്ടറി കെ. രാധാകൃഷനെതിരെ ദേശീയ വനിതാ കമ്മിഷൻ കേസെടുക്കുകയും ചെയ്തിരുന്നു. കേസിൽ നുണ പരിശോധന അടക്കം നടത്തിയിരുന്നു. നുണ പരിശോധനയ്ക്ക് പരാതിക്കാരി സമ്മതിക്കാതിരുന്നതും വിവാദമായിരുന്നു. ആരോപണ സമയത്ത് തന്നെ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ പരാതി സംശയകരമാണെന്നു വ്യക്തമാക്കിയിരുന്നു.
വാദിയെ പ്രതിയാക്കി
പീഡനം നടന്ന സ്ഥലവും തട്ടിക്കൊണ്ടുപോയ വാഹനവും ഉൾപ്പെടെ ലഭിച്ചിട്ടും അത് തൊണ്ടിയായി ശേഖരിക്കാതെ പ്രതികളെ രക്ഷപ്പെടുത്തുന്ന സമീപനമാണ് പൊലീസ് തുടക്കം മുതൽ സ്വീകരിച്ചത്. വിചിത്രന്യായം നിരത്തി വാദിയെ പ്രതിയാക്കുകയാണ്. ഇരയ്ക്ക് മൂന്നര ലക്ഷം രൂപ പ്രതി കടം കൊടുത്തിരുന്നു എന്നതിന് എന്ത് തെളിവാണ് കിട്ടിയത്.
പരാതിക്കാരിയും അവരുടെ അഭിഭാഷകയും അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയസഹായം നൽകിയത്. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണത്തിലുള്ള കേസിന്റെ അന്തിമ വിധിക്കു ശേഷവും ജനപ്രതിനിധി എന്ന നിലയിൽ നിയമസഹായം നൽകും. സി.പി.എം നേതാക്കൾക്കു വേണ്ടി കേസ് അട്ടിമറിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ ഇടപെടൽ മൂലമാണ് പൊലീസിന് ഇത്തരത്തിലുള്ള റിപ്പോർട്ട് നൽകേണ്ടി വന്നത്.
-അനിൽ അക്കര എം.എൽ.എ