arimpoor
അരിമ്പൂർ എച്ച്.എസ്.എസിലെ 1987 ബാച്ചിലെ എസ്.എസ്.സി സഹപാഠികൾ ഒത്തു ചേർന്നപ്പോൾ

തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എൽ (എല്ല് ) ഇല്ലാതെ പരീക്ഷയെഴുതി ചരിത്രത്തിലിടം നേടിയവരുടെ സംഗമം വേറിട്ട കാഴ്ചയായി. 1987ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ്ബിന്റെ പരീക്ഷണമായ എസ്.എസ്.സി ബുക്കിന്റെ ഉടമകളാണ് 32 വർഷത്തിന് ശേഷം അരിമ്പൂർ എച്ച്.എസ്.എസിൽ ഒത്തുചേർന്നത്.

പ്രീഡിഗ്രി ബോർഡ് നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു എസ്.എസ്.എൽ.സിക്ക് പകരം എസ്.എസ്.സിയാക്കിത്. എസ്.എസ്.എൽ.സിയിലെ ലീവിംഗ് എടുത്തുമാറ്റിയാണ് അന്ന് പരീക്ഷ നടത്തിയത്. അതുവരെ ഉണ്ടായിരുന്ന 600 മാർക്ക് എന്നത് 1200 മാർക്കായതാണ് ഏറ്റവും വലിയ പ്രത്യേകത. വിജയിക്കണമെങ്കിൽ 210 മാർക്കിന് പകരം 420. ആദ്യമായി എസ്.എസ്.എൽ.സി ബുക്കിൽ ഫോട്ടോ പതിച്ചതും ബ്ലഡ് ഗ്രൂപ്പ് രേഖപ്പെടുത്തലടക്കം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു അന്നത്തെ സർട്ടിഫിക്കറ്റ്. എസ്.എസ്.എൽ.സി സർട്ടിപിക്കറ്റിനേക്കാൾ വലിപ്പവും ഇരട്ടിയായിരുന്നു.
മൂന്നര പതിറ്റാണ്ടിന് ശേഷം വാട്‌സ്പ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് അന്ന് സ്‌കൂളിൽ പഠിച്ചവരെ കണ്ടെത്തിയത്. സ്ത്രീകളടക്കമുള്ളവർ അന്നത്തെ ഇഷ്ട വിഭവങ്ങളായ തേൻനിലാവും കപ്പലണ്ടി മിഠായിയും കൊണ്ടാണ് സംഗമത്തിന് എത്തിയത്. സഹപാഠികളായ ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ, മറ്റ് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ എല്ലാവരും ഓർമ്മ പുതുക്കാൻ അക്ഷരമുറ്റത്ത് ഒത്തുചേർന്നു.

ഒപ്പം പഠിച്ചവരിൽ വിട പറഞ്ഞവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചാണ് സംഗമം ആരംഭിച്ചത്. കവിതകൾ ചൊല്ലിയും പാട്ടു പാടിയും കഥ പറഞ്ഞും അനുഭവങ്ങൾ പങ്കുവച്ചുമായിരുന്നു പിരിഞ്ഞത്.