അതിരപ്പിള്ളി: സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ തൂക്കുപാലമടക്കം വികസനത്തിന്റെ പൂക്കാലമൊരുക്കി തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രം. അഞ്ചുകോടി രൂപ ചെലവഴിച്ചു നടത്തുന്ന പൂന്തോട്ട നവീകരണ പ്രവർത്തനങ്ങൾ മൂന്നു മാസത്തിനകം പൂർത്തിയാകും. ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രം ഇതോടെ പത്തരമാറ്റിന്റെ തിളക്കത്തിലാകും.

ഇവിടെക്കൂടെ കടന്നുപോകുന്ന ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ കനാൽ ഇത്രയും കാലം വിനോദ സഞ്ചാരികൾക്ക് പ്രത്യേകിച്ച് ആകർഷകമായിരുന്നില്ല. എന്നാൽ ഇതിനു മാറ്റം വരികയാണ്. ഇരുഭാഗത്തും ഓരങ്ങളിൽ നിൽക്കുന്ന പൂച്ചെടികളുടെ ഭംഗി ആസ്വദിച്ചു നടക്കുമ്പോൾ കനാലിലൂടെ വെള്ളമൊഴുകുന്ന കാഴ്ച അവിസ്മരണീയമാക്കാനാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇരു പാതകൾക്കും കുറുകെ ചിത്രപ്പണികളാൽ അലങ്കരിച്ച കൊച്ചുപാലവും സ്ഥാനം പിടിക്കും. പുഴയിലെ തൂക്കുപാലത്തിന്റെ മാതൃകയിലുള്ള ഇതിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. കനാൽക്കരയിൽ നിന്നും പുഴയുടെ കൈവഴികളിലേക്ക് ഇറങ്ങുന്നതിന് രണ്ട് കടവുകളും നിർമ്മിക്കും. വെള്ളം കുറവായതിനാൽ ഇവിടെ ആളുകൾക്ക് കുളിക്കാനും സൗകര്യമൊരുക്കും. പുഴയുടെ ഓരം ചേർന്ന് കരിങ്കൽ വിരിച്ച ഭിന്നശേഷി സൗഹൃദ നടപ്പാതകളും ഒരുക്കും. സുരക്ഷയുടെ ഭാഗയമായി പുഴത്തീരത്ത് സംരക്ഷണ വേലിയും സ്ഥാനം പിടിക്കും.

പുതിയ ടോയ്‌ലെറ്റ്, ഷോപ്പ് മന്ദിരങ്ങളും നിർമ്മാണ ഘട്ടത്തിലാണ്. പൂന്തോട്ടത്തിലെ സായംസന്ധ്യകളെ മനോഹരമാക്കാൻ അമ്പത് ലൈറ്റ് പോസ്റ്റുകളും സ്ഥാപിക്കും. പ്രവേശന കവാടത്തിൽ ഓഫീസ് കെട്ടിടത്തോടു ചേർന്ന് പുതിയൊരു എ.സി കോൺഫറൻസ് ഹാളും നിർമ്മിക്കുന്നുണ്ട്. ചിത്ര ശലഭ പാർക്കിനടുത്ത് ഹെർബൽ ഗാർഡനും നിർമ്മിക്കും.

പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ലഭിച്ച ഒരു കോടി രൂപയാണ് തൂക്കുപാലത്തിന്റെ നവീകരണത്തിന് വിനിയോഗിക്കുക. ഭിന്നശേഷി സൗഹൃദമാകുന്നതോടെ പാലത്തിലെ സഞ്ചാരത്തിന് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയും. തൂക്കുപാലത്തിന്റെ ഓരത്തു നിന്നും പുഴയോട് ചേർന്നുള്ള കനാലിലൂടെ നൂറ്റിയമ്പത് മീറ്റർ ദൂരം സഞ്ചിക്കാനും സംവിധാനം ഒരുക്കും. ഇതിനായി തൂക്കുപാലത്തിനടുത്ത് പടവുകൾ നിർമ്മിക്കും. വാട്ടർ കിയോസ്, ഫസ്റ്റ് എയ്ഡ് സെന്റർ തുടങ്ങിയവയും ഒരുക്കും.

സംസ്ഥാന ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല. മൂന്നുമാസത്തിനകം വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് തുമ്പൂർമുഴി ഡി.എം.സി ഓഫീസർ മനേഷ് സെബാസ്റ്റ്യൻ പറഞ്ഞു. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പൂമുഖ വാതിലായ തുമ്പൂർമുഴിയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്നിൽ ബി.ഡി. ദേവസി എം.എൽ.എയുടെ കഠിനപ്രയത്‌നം കൂടിയുണ്ട്.

..........................................

ഒരുങ്ങുന്നത് സൗകര്യങ്ങളുടെയും ഭംഗിയുടെയും ലോകം

അഞ്ചുകോടി രൂപ ചെലവഴിച്ച് പൂന്തോട്ട നവീകരണം

കനാലിന്റെ ഇരുകരകളും മുന്നൂറ് മീറ്റർ ദൂരത്തിൽ കല്ലു വിരിക്കും

ഇരു പാതകൾക്കും കുറുകെ ചിത്രപ്പണികളാൽ അലങ്കരിച്ച കൊച്ചുപാലം

കനാൽക്കരയിൽ നിന്നും പുഴയുടെ കൈവഴികളിലേക്ക് ഇറങ്ങുന്നതിന് രണ്ട് കടവുകൾ

വെള്ളം കുറവായതിനാൽ ഇവിടെ കുളിക്കാൻ സൗകര്യമൊരുക്കും

പുഴയുടെ ഓരം ചേർന്ന് കരിങ്കൽ വിരിച്ച ഭിന്നശേഷി സൗഹൃദ നടപ്പാതകൾ

പുഴയുടെ തീരത്ത് സംരക്ഷണ വേലി

പുതിയ ടോയ്‌ലെറ്റ്, ഷോപ്പ് മന്ദിരങ്ങളും നിർമ്മാണ ഘട്ടത്തിൽ

അമ്പത് ലൈറ്റ് പോസ്റ്റുകളും സ്ഥാപിക്കും.

പ്രവേശന കവാടത്തിൽ എ.സി കോൺഫറൻസ് ഹാൾ

ചിത്ര ശലഭ പാർക്കിനടുത്ത് ഹെർബൽ ഗാർഡൻ

തൂക്കുപാലത്തിന്റെ ഓരത്തു നിന്നും പുഴയോട് ചേർന്നുള്ള കനാലിലൂടെ നൂറ്റിയമ്പത് മീറ്റർ ദൂരം സഞ്ചിക്കാൻ സംവിധാനം

വാട്ടർ കിയോസ്, ഫസ്റ്റ് എയ്ഡ് സെന്റർ തുടങ്ങിയവയും