മണ്ണുത്തി: മുല്ലക്കരയിൽ സ്‌കൂൾ വാഹനം നിയന്ത്രണം തെറ്റി കുന്നിൻ ചെരുവിലെ ഇറക്കത്തെ റോഡിൽ മറിഞ്ഞു. സംഭവത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. മുല്ലക്കര കൈലാസനാഥ സ്കൂൾ ബസ് ആണ് 35 കുട്ടികളുമായി ഇന്നലെ വൈകിട്ട് 3.45ന് കുത്തനെയുളള ഇറക്കത്തെ വളവിലെ റോഡിൽ മറിഞ്ഞത്.

റോഡിൽ മറിഞ്ഞ വാഹനത്തിനുള്ളിൽ പെട്ട കുട്ടികളെ ഇരുഭാഗത്തെയും ചില്ലുകൾ തകർത്താണ് പുറത്തെടുത്ത് തൃശുർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ എത്തിച്ചത്. സംഭവത്തിൽ നാല് കുട്ടികൾക്കാണ് പരിക്ക് പറ്റിയത്. കട്ടികളെ കയറ്റി കുന്നിന്റെ താഴ്ഭാഗത്തേക്ക് വരുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായും തുടർന്ന് ബസ് റോഡരികിലെ മൺതിട്ടയിൽ ഇടിച്ച് തൊട്ടരികിലെ തെങ്ങിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.

തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

സ്കൂളിലെ മറ്റ് ബസുകൾക്കൊപ്പം കുന്നിറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വളവിലെ മണൽഭിത്തിയിൽ ഇടിച്ചുനിറുത്തിയ ഡ്രൈവറുടെ മനസാന്നിദ്ധ്യത്തിലാണ് വൻ അപകടം ഒഴിവാക്കിയത്. ഇല്ലായിരുന്നെങ്കിൽ കുന്നിൽ നിന്ന് താഴോട്ട് പതിച്ച് വൻദുരന്തം സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. വാഹനത്തിൽ വിദ്യാർത്ഥികൾക്ക് പുറമെ ബസിലുണ്ടായിരുന്ന അദ്ധ്യാപകർക്കും പരിക്കേറ്റിട്ടുണ്ട്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.