കൊടുങ്ങല്ലൂർ: എൻ.ആർ.ഇ അക്കൗണ്ട് തുടങ്ങാൻ അനുമതിയുള്ള ഏക അർബൻ സഹകരണ ബാങ്ക് എന്ന പദവി കൂടി കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന് ലഭിച്ചതായി ബാങ്ക് ചെയർമാൻ കെ.ജി. ശിവാനന്ദൻ അറിയിച്ചു. റിസർവ്വ് ബാങ്ക് ആണ് എൻ.ആർ.ഇ അക്കൗണ്ട് തുറക്കുന്നതിന് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന് അനുമതി നൽകിയത്.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരായ പൗരൻമാർക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും ആണ് റിസർവ് ബാങ്ക് ലൈസൻസ് അനുവദിച്ചിട്ടുള്ളത്. വിദേശ ഇന്ത്യക്കാർക്ക് ഇടപാട് നടത്താൻ സാധിക്കുന്ന ഏക സഹകരണ ബാങ്കായ ഇവിടെ മറ്റ് ഇടപാടുകൾക്കൊപ്പം വളരെ സുഗമമായി പ്രവാസികളായ സഹകാരികൾക്കും ബാങ്കിന്റെ എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, ഐ.എം.പി.എസ്, ഡെബിറ്റ് കാർഡ് തുടങ്ങീ എല്ലാ വിധ സൗകര്യങ്ങളും ഉപയോഗിക്കാൻ സാധിക്കും.
സെപ്തംബർ 20ന് വൈകിട്ട് നാലിന് ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന നിക്ഷേപ സൗഹൃദ സംഗമത്തിൽ അക്കൗണ്ട് ഉദ്ഘാടനം എച്ച്.എസ്.ബി.സിയുടെ ഡയറക്ടർ കെ.കെ. അഷ്റഫ് കളപ്പുരയ്ക്കൽ നിർവഹിക്കും. ബാങ്ക് ചെയർമാൻ കെ.ജി. ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. മോഹനൻ, പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. എൻ.കെ. ഹർഷകുമാർ, എടവിലങ്ങ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. അനിൽകുമാർ, പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സി.കെ. ഗീത തുടങ്ങിയവർ പ്രസംഗിക്കും.
ബാങ്ക് ഡയറക്ടർമാരായ വി.കെ. ബാലചന്ദ്രൻ, അഡ്വ. നവാസ്, യു.കെ. ദിനേശൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.