മാള: വെള്ളവും വളവും നൽകി, ആറ്റുനോറ്റ് പരിപാലിച്ചു. പക്ഷേ ആദ്യമായി കടപ്ലാവ് കായ്ച്ചത്, വരിക്ക ചക്കയാണെന്ന് കണ്ട് താടിക്ക് കൈയും കൊടുത്ത് നിൽക്കുകയാണ് പൊയ്യ പുളിപ്പറമ്പ് കൈതാരൻ ദേവസി. വാർത്ത കേട്ടറിഞ്ഞ് വരുന്നവർക്ക് പക്ഷേ ഈ അത്ഭുത ചക്ക കൗതുകമാണ്. പക്ഷേ 87 കാരനായ ദേവസിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു ഈ കടപ്ലാവ്. മണ്ണുത്തി കാർഷിക സർവകലാശാലയുടെ നഴ്‌സറിയിൽ നിന്ന് നാല് വർഷം മുമ്പാണ് തൈ വാങ്ങുന്നത്. ഇതിനൊപ്പം വാങ്ങിയ റംബൂട്ടാൻ, മാംഗോസ്റ്റിൻ, കുടപ്പുളി, നാരങ്ങ, മാവ് എന്നിവ നേരെചോവ്വേ വളർന്നു. കൃഷിയിടത്തിൽ എല്ലാവിധ പച്ചക്കറികളും ഫലവൃക്ഷങ്ങളും ഉണ്ടെങ്കിലും ഇതുപോലൊരു ചതി ആദ്യമാണ്.
ചെറുപ്പം മുതലേ ദേവസിക്ക് കടച്ചക്ക ഏറെ പ്രിയപ്പെട്ടതാണ്. എവിടെ കണ്ടാലും വാങ്ങിക്കൊണ്ടുവരും. അതുകൊണ്ടുതന്നെ നന്നായി കടപ്ലാവിനെ പരിപാലിച്ചു പോന്നു. പറമ്പിലെ ഏത്തവാഴകളേക്കാൾ ഏറെ പരിചരണം നൽകി. അതിനാലാകണം നാലാം വർഷത്തിൽ കായ്ച്ചു. കായ്കൾക്ക് സാധാരണയേക്കാൾ വലിപ്പവും ചക്കയുടെ ആകൃതിയും കണ്ടപ്പോഴും പ്രതീക്ഷിച്ചില്ല ഈ ചതി. മൂപ്പെത്തി മുറിച്ചപ്പോഴാണ് നല്ല വരിക്കച്ചക്കയും ചുളയും കുരുവും കണ്ടത്. മരിക്കും മുമ്പേ താൻ നട്ടുവളർത്തിയ കടപ്ലാവിൽ നിന്ന് ചക്ക എടുത്ത് കറി വയ്ക്കണമെന്നായിരുന്നു അപ്പന്റെ ആഗ്രഹമെന്ന് ദേവസിയുടെ മരുമകൾ സിജി തോമസ് പറയുന്നു. കടപ്ലാവിൽ മുപ്പതിൽപ്പരം ചക്കകളുണ്ടായി. ഉണ്ടായ വരിക്ക ചക്കയ്ക്ക് രണ്ട് രുചികളുണ്ട്. മികച്ച കർഷകൻ കൂടിയായ ദേവസിയേട്ടന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്. കടപ്ലാവിൽ ഉണ്ടായ ചക്ക കൃഷി ഓഫീസർ അടക്കമുള്ളവരെ കാട്ടി ദേവസി തന്റെ നിരാശ അറിയിച്ചു.