തൃശൂർ : നഗരത്തെ കുരുക്കുന്ന വഴിയെന്ന പേരുദോഷം മാറ്റാൻ എം.ജി റോഡ് വീതി കൂട്ടാനുള്ള തയ്യാറെടുപ്പുമായി കോർപറേഷൻ ടൗൺ പ്ലാനിംഗ് കമ്മിറ്റി. ഇതിനായി ടൗൺ പ്ലാനിംഗ് സർവേയറുടെ നേതൃത്വത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തൽ ആരംഭിച്ചു. ആരെല്ലാം പുറമ്പോക്ക് കൈയേറിയിട്ടുണ്ടെന്ന് കണ്ടെത്തുകയാണ് ആദ്യലക്ഷ്യം.
ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന്റെ സ്‌കെച്ച് പത്ത് ദിവസത്തിനുള്ളിൽ സർവേയർ ടൗൺ പ്ലാനിംഗ് കമ്മിറ്റിക്ക് കൈമാറും. അതിന് ശേഷം വീതി കൂട്ടൽ ആരംഭിക്കും. നടുവിലാൽ മുതൽ പടിഞ്ഞാറെക്കോട്ട വരെയാണ് വീതി കൂട്ടാൻ തീരുമാനിച്ചത്. ഇതിൽ പാറയിൽ എജൻസീസ് വരെയാണ് വീതി കുറവുള്ളത്. കോട്ട വരെയുള്ള സ്ഥലത്ത് ആവശ്യത്തിന് വീതിയുണ്ടെന്നാണ് കണ്ടെത്തൽ. വീതി കൂട്ടൽ തീരുമാനം നടപ്പിലായാൽ റോഡിന് ഇരുവശത്തുമുള്ള പല കടകളും പൂർണമായും ചിലത് ഭാഗികമായും പൊളിച്ചു മാറ്റേണ്ടി വരും. കടകൾ പൊളിക്കുന്നതിനെതിരെ വ്യാപാരികൾ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും ടൗൺ പ്ലാനിംഗ് കമ്മിറ്റിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കുകയായിരുന്നു. റോഡിന്റെ ഇരു വശത്ത് നിന്നും തുല്യ അളവിൽ ഭൂമി ഏറ്റെടുക്കണമെന്ന വ്യാപാരികളുടെ അഭിപ്രായവും അംഗീകരിച്ചില്ല. 1964 ലെ രൂപരേഖയനുസരിച്ച് ഭൂമിയേറ്റെടുത്താൽ മതിയെന്നാണ് കോടതി നിർദ്ദേശം. വ്യാപാരികളുമായി ചർച്ച നടത്തി സമവായമുണ്ടാക്കി ഒരു മാസത്തിനുള്ളിൽ പൊളിക്കാനാണ് പദ്ധതി. തുടർന്ന് ടാറിംഗ് ഉൾപ്പെടെ നടത്തും.
നിലവിലെ വീതി - 15 മീറ്ററിനും 16 മീറ്ററിനും ഇടയിൽ
ഉദ്ദേശിക്കുന്ന വീതി- 21 മീറ്റർ
വീതി കൂട്ടേണ്ട സ്ഥലം ; നടുവിലാൽ മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക്
ഇടതു വശത്ത് നാലര മീറ്റർ
വലതു വശത്ത് 1 .10 മീറ്റർ
ഇതു വഴി ബസ് സർവീസുകൾ ഇങ്ങനെ
അയ്യന്തോൾ, കാഞ്ഞാണി, അരണാട്ടുകര, ചാവക്കാട് എന്നീ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ.
റോഡ് വീതി കൂട്ടിയാൽ കുരുക്കിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാനാകുമെന്ന് ബസുടമകൾ പറയുന്നു. ആയിരക്കണക്കിന് മറ്റ് വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്.
പുനരധിവാസം നൽകും
കടകൾ നഷ്ടപ്പെടുന്നവരെ, നടുവിലാലിന് സമീപം നിർമ്മിച്ച കെട്ടിടത്തിലേക്ക് പുനരധിവസിപ്പിക്കും. വ്യാപാരികളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ പൊളിക്കൽ ആരംഭിക്കൂ. ഭൂമി നഷ്ടപ്പെടുന്നവർക്ക് അവർക്കനുയോജ്യമായ രീതിയിൽ പാക്കേജ് തയ്യാറാക്കും.
( സി.ബി. ഗീത, കോർപറേഷൻ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ)
സബ് കമ്മിറ്റി
എം.ജി റോഡ് വികസനവുമായി ബന്ധപ്പെട്ട് വ്യാപാരി പ്രതിനിധികളും ടൗൺ പ്ലാനിംഗ് കമ്മിറ്റിയിലെ ഏഴ് പേരും ടൗൺ പ്ലാനിംഗ് വികസന സമിതിയിലെ അംഗങ്ങളും അടങ്ങിയ കമ്മിറ്റിയാണ് രൂപീകരിച്ചത്.