എരുമപ്പെട്ടി: പഞ്ചായത്തിലെ ആറ്റത്ര കോട്ടപ്പുറം പാടശേഖരങ്ങളിൽ വെള്ളം ലഭിക്കാതെ കർഷകർ വലയുന്നു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഏക്കർ കണക്കിനുള്ള നെൽക്കൃഷി അവതാളത്തിലാണ്. വർഷങ്ങളായി ആറ്റത്ര, കോട്ടപ്പുറം, നെല്ലുവായ് പ്രദേശങ്ങളിലെ കൃഷിക്ക് മുട്ടിക്കൽ ചിറയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
ആറ്റത്ര പാടശേഖര സമിതി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജലസേചനത്തിന് ആവശ്യമായ രീതിയിൽ ചിറയുടെ ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ഉദ്യോഗസ്ഥരുടെ കടുംപിടുത്തം മൂലം ഈ വ്യവസ്ഥ നടപ്പിലാക്കാനായില്ല. ഇതുമൂലം പാടശേഖരങ്ങൾ വറ്റിവരണ്ട നിലയിലാണ്.
മുളച്ച് നടാൻ പാകമായി നിൽക്കുന്ന ഞാറുകൾ ഉണക്കുഭീഷണി നേരിടുന്നുണ്ട്. വെള്ളമില്ലാതെ വിണ്ടുകീറി കിടക്കുന്ന പാടത്ത് കൃഷി ചെയ്യാൻ കഴിയാതെ നിസ്സഹായരായി നിൽക്കുകയാണ് കർഷകർ. കടം വാങ്ങിയും പലിശയ്ക്കെടുത്തുമാണ് സാധാരണക്കാരനായ ഓരോ കർഷകനും കൃഷിയിറക്കുന്നത്. ചിറയിൽ ആവശ്യത്തിലധികം വെള്ളം ഉള്ളപ്പോഴാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ തുടരുന്നത്.
നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കർഷകരോടുള്ള ഉദ്യോഗസ്ഥരുടെ അവഗണന അവസാനിപ്പിക്കണമെന്നും ഗുണകരമായ രീതിയിൽ കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കി കർഷകരെ ദുരിതത്തിൽ നിന്നും രക്ഷിക്കണമെന്നും ആറ്റത്ര കർഷക സംഘം യൂണിറ്റ് പ്രസിഡന്റ് പി.വി.ഔസേഫ്, സെക്രട്ടറി കെ.എ.രമേഷ് എന്നിവർ ആവശ്യപ്പെട്ടു.