മാള: മഴക്കെടുതിയിൽ വെള്ളം കയറി കൃഷി നശിച്ച കർഷകർക്ക് ഇൻഷ്വറൻസ് ആനുകൂല്യത്തിനുള്ള അപേക്ഷ പോലും സ്വീകരിക്കാതെ ഉദ്യോഗസ്ഥർ വട്ടംകറക്കുന്നതായി പരാതി. വെള്ളം കയറി ഏത്തവാഴത്തോട്ടം നശിച്ച വിവരം പലതവണ ഓഫീസിൽ അറിയിച്ചിട്ടും സ്ഥലത്ത് വന്ന് നോക്കാനോ അപേക്ഷ സ്വീകരിക്കാനോ തയ്യാറായില്ലെന്നാണ് ആക്ഷേപമുള്ളത്. ആലത്തൂർ സ്വദേശി തട്ടാരുപറമ്പിൽ സ്വരാജാണ് ഇതുസംബന്ധിച്ച് കൃഷി വകുപ്പ് മന്ത്രി അടക്കമുള്ളവരെ സമീപിക്കാനൊരുങ്ങുന്നത്.
അന്നമനട പഞ്ചായത്തിലെ മേലഡൂരിൽ കൃഷി ചെയ്ത ഏത്തവാഴകളാണ് വെള്ളം കയറി നശിച്ചത്. 250 വാഴകൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി സാക്ഷ്യപ്പെടുത്താനോ അപേക്ഷ സ്വീകരിക്കാനോ തയ്യാറായിട്ടില്ലെന്ന് സ്വരാജ് പറയുന്നു. ഈ ആവശ്യവുമായി ഒരു മാസത്തോളമായി അന്നമനടയിലെ കൃഷി ഓഫീസിൽ കയറിയിറങ്ങുന്നതായാണ് പരാതി. പ്രളയത്തിൽ എഴുന്നൂറ് വാഴകൾ നശിച്ചതിന് നഷ്ടപരിഹാരം ലഭിക്കാത്ത വേദനയുള്ളപ്പോൾ തന്നെയാണ് ഇൻഷ്വർ ചെയ്തതിന് ഈ അവഗണന നേരിടുന്നത്. പാട്ടത്തിനെടുത്ത സ്ഥലത്താണ് ഓണത്തിന് വിളവെടുക്കാവുന്ന ഏത്തവാഴ കൃഷി ചെയ്തത്. എന്നാൽ ഭാഗികമായി നശിച്ച വാഴകളുടെ കുലകൾ പോലും വെട്ടിയെടുക്കാൻ കഴിഞ്ഞില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സാക്ഷ്യപ്പെടുത്തി അപേക്ഷ സ്വീകരിച്ചെങ്കിൽ ശേഷിക്കുന്നവയെങ്കിലും ചെറിയ വിലക്ക് വിൽക്കാമായിരുന്നു. ഇത്തരത്തിൽ നിരവധി കർഷകരാണ് അന്നമനട കൃഷി ഭവന്റെ പരിധിയിൽ ഉള്ളതെന്നും അറിയുന്നു.