തൃശൂർ: വ്യാപാര സ്ഥാപനങ്ങളിലും മറ്റും കള്ളൻ കയറിയാൽ ഏഴു സെക്കൻഡിനകം തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലൈവ് വീഡിയോ എത്തും. കൺട്രോൾ റൂമിൽ നിന്ന് അപ്പോൾത്തന്നെ ലോക്കൽ കൺട്രോൾ റൂമിലേക്കും ഏറ്റവും അടുത്ത പൊലീസ് സ്റ്രേഷനിലേക്കും വിവരം കൈമാറും. അതും, മോഷണശ്രമം നടക്കുന്ന സ്ഥലത്തേക്കുള്ള റൂട്ട് മാപ്പ് സഹിതം! സ്ഥാപന ഉടമയുടെ മൊബൈൽ ഫോണിലേക്കും വിവരമെത്തും.
കെൽട്രോണും ആഭ്യന്തരവകുപ്പുമായി സഹകരിച്ചാണ് കള്ളന്മാരുടെ 'ആപ്പീസു പൂട്ടിക്കുന്ന' ഈ സ്വകാര്യ പദ്ധതിയെന്ന് ഇന്നലെ തൃശൂർ പൂത്തോളിലെ കെ.എം ജൂവലറിയിൽ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം നിർവഹിച്ച സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ് പറഞ്ഞു.ചന്ദ്ര പറഞ്ഞു.
വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഈ ആധുനിക സുരക്ഷാ സംവിധാനം കേരളത്തിൽ തൃശൂരിലാണ് ആദ്യമായി പരീക്ഷിക്കുന്നത്. കള്ളന്മാർ അതിക്രമിച്ചു കടന്നാലുടൻ സുരക്ഷാ സിസ്റ്റം സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ കാമറയും സെൻസറും പ്രവർത്തനക്ഷമമാകും. തുടർന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിലേയ്ക്ക് തത്സമയം കൈമാറുകയാണ് ചെയ്യുക. പിന്നീടുള്ള സേവനങ്ങൾ പൊലീസ് നൽകും.
പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ളവരാണ് മോഷണം നടത്തുന്നതെങ്കിൽ കാമറ തന്നെ പ്രതികളെ തിരിച്ചറിഞ്ഞ് വിവരമറിയിക്കും.
എസ്.ഐമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം മൂന്ന് ഷിഫ്റ്റുകളിലായാണ് കൺട്രോൾ റൂമിൽ 24 മണിക്കൂറും പ്രവർത്തിക്കുക. കാമറകൾ, സെൻസറുകൾ, കൺട്രോൾ പാനൽ എന്നിവയടങ്ങുന്ന സിസ്റ്റമാണ് ഇതിനായി വ്യാപാരസ്ഥാപനങ്ങളും വീടുകളും സ്വന്തം ചെലവിൽ സ്ഥാപിക്കേണ്ടത്. രണ്ടു നിലകളുള്ള ഒരു കെട്ടിടത്തിൽ സുരക്ഷ ഒരുക്കുന്നതിന് എട്ട് കാമറകളും പതിനഞ്ച് സെൻസറും സ്ഥാപിക്കുന്നതിന് ഉൾപ്പെടെ മൂന്നു ലക്ഷത്തോളം രൂപയാണ് ചെലവ് വരികയെന്ന് സിസ്റ്റം രൂപകല്പന ചെയ്ത കമ്പനിയുടെ മേധാവികൾ പറഞ്ഞു.