ചാലക്കുടി: നഗരസഭാ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന സി.പി.എം - സി.പി.ഐ ചേരിപ്പോര് ഇരു വിഭാഗങ്ങളുടേയും യുവജന സംഘടനകൾ ഏറ്റെടുക്കുന്നു. മാർക്കറ്റ് റോഡിൽ നിന്നും പള്ളിപ്പാടം വഴി വെട്ടുകടവിലേക്കുള്ള റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ കാനറി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

തണ്ണീർത്തടം നികത്തി റോഡ് നിർമ്മിക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് എ.ഐ.വൈ.എഫ് പ്രവർത്തകർ സമീപത്ത് കൊടി കുത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് വാർഡ് കൗൺസിലറും സി.പി.എം അംഗവുമായ സീമ ജോജോയുടെ നേതൃത്വത്തിൽ നാട്ടുകാർ ഇവിടെ റോഡിന്റെ നിർമ്മാണത്തിന് തുടക്കമിട്ടിരുന്നു. ഇതിനെതിരെയായിരുന്നു സി.പി.ഐ യുവജന സംഘടനയുടെ പടപ്പുറപ്പാട്.

ഇതോടെ നിർമ്മാണ പ്രവൃത്തികൾ നിലച്ചു. ഇതിനെതിരെയാണ് ഇപ്പോൾ ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്. റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാണ് ഡി.വൈ.എഫ്.ഐ കാനറി യൂണിറ്റ് സമ്മേളനത്തിന്റെ ആവശ്യം. വർഷങ്ങളായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് പളളിപ്പാടം റോഡ്. ഇതിനായി പത്ത് ലക്ഷം രൂപ നഗരസഭ നേരത്തെ വകയിരുത്തിയിട്ടുണ്ട്.

പ്രത്യക്ഷത്തിൽ റോഡ് നിർമ്മാണത്തിന് കോൺഗ്രസും എതിരാണ്. എന്നാൽ രണ്ട് പതിറ്റാണ്ടിലധികമായി ഇവിടെ കൃഷിയിറക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശ വാസികൾ. നാട്ടുകാരോടൊപ്പം നിൽക്കാനാണ് സി.പി.എം തീരുമാനം.

മാർക്കറ്റ് റോഡിലെ തിരക്ക് കുറയ്ക്കാനും വെട്ടുകടവിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും പള്ളിപ്പാടം റോഡ് സഹായിക്കും. മാർക്കറ്റ് റോഡിൽ നിന്നും പള്ളിപ്പാടം വഴി വെട്ടുകടവിലേക്കുള്ള റോഡിന്റെ നിർമ്മാണം ഉടൻ തുടങ്ങണം.

- ഡി.വൈ.എഫ്.ഐ