തൃശൂർ: സ്ഥാപനങ്ങളിൽ കള്ളൻ കയറിയാൽ മൂന്ന് മുതൽ ഏഴ് സെക്കൻഡിനകം തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ പ്രത്യേക കൺട്രോൾ റൂമിൽ ലൈവ് വീഡിയോയെത്തും !. അതിക്രമിച്ചു കടന്നാൽ സിസ്റ്റത്തിൻ്റെ പരിരക്ഷയുള്ള ഇടങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള കാമറയും സെൻസറും പ്രവർത്തനക്ഷമമാകും. തുടർന്നുള്ള ദൃശ്യങ്ങൾ തിരുവനന്തപുരത്തെ കൺട്രോൾ റൂമിലേയ്ക്ക് തത്സമയം കൈമാറും. ലോക്കൽ കൺട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരം കൈമാറും. സ്ഥാപന ഉടമയുടെ ഫോണിലേക്കും വിവരമെത്തും.

സംഭവസ്ഥലത്ത് മിനിറ്റുകൾക്കകമെത്തി പൊലീസിന് മോഷ്ടാക്കളെ കൈയോടെ പിടികൂടാനുമാകും. പൊലീസിൻ്റെ വാണ്ടഡ് ലിസ്റ്റിലുള്ളവരാണ് മോഷണം നടത്തുന്നതെങ്കിൽ അലാറം മുഴങ്ങുന്നതോടൊപ്പം വ്യക്തിയെ തിരിച്ചറിയാനുമാകും. ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. തൃശൂർ പൂത്തോളിലെ കെ.എം ജൂവലറിയിൽ സിസ്റ്റത്തിൻ്റെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ് ചന്ദ്ര നിർവഹിച്ചു. എസ്.ഐമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം മൂന്ന് ഷിഫ്റ്റുകളിലായാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ 24 മണിക്കൂറും പ്രവർത്തിക്കുക. ഇവർക്ക് ഇത് സംബന്ധിച്ച പരിശീലനവും നൽകിക്കഴിഞ്ഞു. കാമറകൾ, സെൻസറുകൾ, കൺട്രോൾ പാനൽ എന്നിവയടങ്ങുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റമാണ് ജൂവലറികൾക്കും ബാങ്കുകൾക്കും വീടുകൾക്കുമെല്ലാം ഇത്തരത്തിൽ 24 മണിക്കൂറും സുരക്ഷയൊരുക്കുന്നത്.

വില

എട്ട് കാമറയും സെൻസറും പതിനഞ്ച് സെൻസറും പ്രവർത്തിക്കുന്ന രണ്ട് ഫ്ളോറുള്ള ബിൽഡിംഗിൽ ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവ് വരികയെന്ന് സിസ്റ്റം രൂപകൽപ്പന ചെയ്ത കമ്പനി അധികൃതർ പറഞ്ഞു.

മറ്റ് സവിശേഷതകൾ

# കാമറയുടെയും മറ്റും പരിശോധന ആട്ടോമാറ്റിക് ആയി ചെയ്യാം.

# ഹാക്ക് ചെയ്യാനോ മൊബൈൽ ജാമർ വയ്ക്കാനോയാകില്ല.

# സി.എം.എസ് ഗാർഡാണ് ഹാക്കിംഗിനെ പ്രതിരോധിക്കുന്നത്.

# ദൃശ്യങ്ങൾ സൂം ചെയ്യാം

'' സ്വർണ്ണമോഷ്ടാക്കളെ പിടികൂടാൻ കഴിയാറുണ്ടെങ്കിലും സ്വർണ്ണം കണ്ടെത്താനാകാറില്ല. ഇതരസംസ്ഥാന മോഷ്ടാക്കളാണെങ്കിൽ പ്രത്യേകിച്ചും. വീട്ടിൽപോലും ഇത് ഫലപ്രദമാണെന്ന് ഡി.ജി.പിയും വ്യക്തമാക്കിയിരുന്നു. ന്യൂയോർക്കിലും ക്വാലാലംപൂരിലും ഗൾഫ് രാജ്യങ്ങളിലും വിജയം കണ്ട രീതിയാണിത്. ''

ജി.എച്ച് യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ..