ചാലക്കുടി: ഷോളയാർ ഡാമിലെ ജലനിരപ്പ് 2661.8 അടിയിൽ എത്തിയെങ്കിലും ഷട്ടറുകൾ തുറക്കേണ്ടി വരില്ലെന്ന വിശ്വാസത്തിലാണ് വൈദ്യുതി ബോർഡ്. റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ഏതു സമയത്തും ഷട്ടറുകൾ തുറക്കാൻ കളക്ടറുടെ അനുമതി നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും അത്തരമൊരു സാഹചര്യം സംജാതമാകില്ലെന്ന് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നു.
പരമാവധി സംഭരണ ശേഷിയായ 2663 അടിയെത്തിയാൽ മാത്രമേ വെള്ളം പുറത്തുവിടുകയുള്ളു. ഇടയ്ക്ക് ചെറിയ മഴ പെയ്യുന്നുണ്ടെങ്കിലും തുടർച്ചയായി വെയിൽ കാണുന്നത് പദ്ധതി പ്രദേശത്തെ നീരൊഴുക്കിനെ ഗണ്യമായി കുറച്ചിട്ടുണ്ട്. ഇതോടെ അപ്പർ ഷോളയാറിൽ നിന്നും വരുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞു. ചാലക്കുടിപ്പുഴയിലെ ജലനിരപ്പും വളരെ താഴുകയും ചെയ്തു.