തൃശൂർ: സംസ്ഥാനത്തെ കാർഷിക വികസന രംഗത്ത് മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന നാല് അഗ്രോ പാർക്കുകളിലെ ആദ്യ സംരംഭം ബനാന ആൻഡ് ഹണി പാർക്ക് പീച്ചി കണ്ണാറ ഫാമിൽ ആരംഭിക്കുന്നു. കണ്ണാറ ഫാമിലെ അഗ്രോ പാർക്ക് 23ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വാഴപ്പഴത്തിൽ നിന്നും തേനിൽ നിന്നും വൈവിദ്ധ്യമാർന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങളാണ് അഗ്രോ പാർക്കിൽ ഉത്പാദിപ്പിക്കുന്നത്. കർഷകർക്ക് ഇത് ഗുണം ചെയ്യും. തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ടെൻഡർ എടുത്തത്.
55,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ബനാന പാർക്കിൽ 16,620 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളുടെ നിർമ്മാണമാണ് ആദ്യം നടക്കുക. പ്രവൃത്തികൾ ഉടൻ തുടങ്ങും. നാല് അഗ്രോ പാർക്കുകൾക്കും സർക്കാർ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. കണ്ണാറ അഗ്രോ പാർക്കിനായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) ആയി സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 25.13 കോടിയുടെ ഡി.പി.ആർ തയ്യാറാക്കി കിഫ്ബിയ്ക്ക് സമർപ്പിച്ചത് പ്രകാരം 14.28 കോടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള എസ്റ്റിമേറ്റ് കിഫ്ബി അംഗീകരിച്ച് നടപടി പൂർത്തീകരിച്ചു.
പാർക്കുകളുടെ നടത്തിപ്പിനായി കേരള അഗ്രോ ബിസിനസ് കമ്പനി (കെ.എ.ബി.സി.ഒ) എന്ന കമ്പനി കൃഷി വകുപ്പിന് കീഴിൽ നിർമ്മിക്കുന്ന നടപടികൾ പൂർത്തീകരിക്കുകയാണ്. ഉദ്ഘാടനച്ചടങ്ങിൽ കൃഷിമന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം കണ്ണാറയിലെ ആശാരിക്കാട് സഹകരണ ബാങ്ക് ഹാളിൽ ചേർന്നു. അഡ്വ. കെ. രാജൻ ചെയർമാനും അനിത കൺവീനറായും ജില്ലാ കൃഷി ഓഫീസർ ട്രഷററായും 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.