കോടാലി: കോടശ്ശേരി പഞ്ചായത്തിലെ പൈനാടത്ത് ക്വാറിയിൽ തൊഴിലാളി യൂണിയനുകളും ക്വാറി ഉടമയും തമ്മിലുള്ള തൊഴിൽ ധാരണയിൽ ലംഘനം നടത്തിയെന്നും വെള്ളിക്കുളങ്ങര സി.ഐ ക്വാറി ഉടമയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്നും ആരോപിച്ച് നാല് യൂണിയനുകളുടെ നേതൃത്വത്തിൽ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ നാലിനാണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, കെ.ടി.യു.സി എന്നീ യൂണിയനുകൾ ഐക്യട്രേഡ് യൂണിയൻ എന്ന പേരിൽ സ്റ്റേഷൻ ഉപരോധിച്ചത്.
ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മുൻധാരണപ്രകാരം തൊഴിൽ തുടരാനും നാല് ദിവസമായി തുടരുന്ന തൊഴിൽ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. സി.പി.എം കുറ്റിച്ചിറ ലോക്കൽ സെക്രട്ടറി പി.എ. കുഞ്ചു, റിജു മാവേലി (ഐ.എൻ.ടി.യു.സി), കോൺഗ്രസ് കോടശ്ശേരി മണ്ഡലം പ്രസിഡന്റ് സി.വി. ആന്റണി, എം.എസ്. സുനിൽ (ബി.എം.എസ്), സി.എ. ഷിബു (കെ.ടി.യു.സി), കെ.പി. ജയിംസ് കോടശ്ശേരി പഞ്ചായത്തംഗം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.