ചേലക്കര: ചേലക്കര ബൈപ്പാസ് നിർമ്മാണത്തിന് മുന്നോടിയായി ഡ്രോൺ കാമറ ഉപയോഗിച്ചുള്ള സർവേ നടത്തി. കിഫ്ബി ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി എൻജിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. യു.ആർ. പ്രദീപ് എം.എൽ.എ സർവേ നിരീക്ഷിക്കുന്നതിനായി എത്തിയിരുന്നു. 2016-17ലെ ബഡ്ജറ്റിലാണ് കിഫ്ബി പദ്ധതിയായി ചേലക്കര ബൈപ്പാസ് നിർമ്മാണത്തിന് 20 കോടി രൂപ പ്രഖ്യാപിച്ചത്.

കേരള റോഡ് ഫണ്ട് ബോർഡിനെ ഇതിന്റെ എസ്.പി.വി ആയി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. വെങ്ങാനെല്ലുർ വില്ലേജിൽപ്പെട്ട 8.0051 ഹെക്ടർ സ്ഥലവും ചേലക്കര വില്ലേജിൽ ഉൾപ്പെട്ട 2.004 ഹെക്ടർ സ്ഥലവും, തോന്നൂർക്കര വില്ലേജിൽ ഉൾപ്പെട്ട 0.7796 ഹെക്ടർ സ്ഥലവും ബൈപ്പാസ് നിർമ്മാണത്തിന് ഏറ്റെടുക്കേണ്ടതുണ്ട്.

ചേലക്കര പോളിടെക്‌നിക് കോളേജിന്റെ മുൻവശം മുതൽ നാട്ട്യൻചിറ കുളം വരെ 3.865 കി.മി നീളത്തിലാണ് ബൈപ്പാസ് നിർമ്മിക്കേണ്ടത്. ഇതിന്റെ സോയിൽ ഇൻവെസ്റ്റിഗേഷൻ സ്റ്റഡിക്കായി 2018 ൽ പത്തു ലക്ഷം രൂപ അനുവദിച്ച് അത് പൂർത്തീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ 53 കോടി രൂപയുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയിൽ കൊടുത്തിരുന്നു.

വിശദമായ പരിശോധനയുടെ ഭാഗമായാണ് ഡ്രോൺ കാമറ ഉപയോഗിച്ചു കൊണ്ടുള്ള സർവേ നടത്തിയത്. ഇതിന്റെ ഡ്രോയിംഗ് രണ്ട് ആഴ്ചയ്ക്കുള്ളിൽ ലഭ്യമാകും. അതുകൂടി കണക്കിലെടുത്ത് പുതുക്കിയ ഡി.പി.ആർ തയ്യാറാക്കി അംഗീകാരത്തിനായി കിഫ്ബിയിൽ സമർപ്പിക്കും.

നിർമ്മാണം

ബൈപാസ് നിർമ്മാണത്തിന് കിഫ്ബി അനുവദിച്ചത് 20 കോടി

പദ്ധതിയുടെ എസ്.പി.വിയായി കേരള റോഡ് ഫണ്ട് ബോർഡ്

ചേലക്കര ബൈപാസ് നിർമ്മിക്കേണ്ടത് 3.87 കി.മി നീളത്തിൽ

2018ൽ മണ്ണ് പരിശോധനാ പഠനത്തിനായി തുക അനുവദിച്ചു

പദ്ധതിക്കായി സമർപ്പിച്ചത് 53 കോടി രൂപയുടെ റഫ് കോസ്റ്റ്