തൃശൂർ: കാര്യക്ഷമതാ വാദം ഉന്നയിച്ച്, അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിറ്റി റിപ്പോർട്ടിൻ്റെ മറവിലൂടെ സാമുദായിക സംവരണം അട്ടിമറിക്കാനും സാമ്പത്തിക സംവരണം നടപ്പാക്കാനുമുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഗൂഢതന്ത്രത്തെ പൊളിച്ച മഹാനായിരുന്നു കേരളകൗമുദി പത്രാധിപർ കെ. സുകുമാരനെന്ന് ശ്രീനാരായണ സാഹിത്യ പരിഷത്ത് പ്രസിഡൻ്റ് ഡോ.തോളൂർ ശശിധരൻ പറഞ്ഞു.
ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെ കേരളകൗമുദി പത്രാധിപർ കെ. സുകുമാരൻ്റെ 38 ാം ചരമവാർഷിക അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണവിരുദ്ധ നിലപാടുമായി രംഗത്തെത്തിയ ഇ.എം.എസിൻ്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിൻ്റെ നിലപാടിനെ കശക്കിയെറിഞ്ഞ് കുളത്തൂർ വായനശാലയിൽ പത്രാധിപർ ചെയ്ത പ്രസംഗം സാമ്പത്തിക സംവരണത്തിൻ്റെ മുനയൊടിച്ചു. സാമുദായിക സംവരണം കേരളത്തിൽ മാറ്റമില്ലാതെ തുടരാൻ ഇടയാക്കി. ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് സംവരണം നിലവിൽ വരുന്നത്. ഇതിനെ അട്ടിമറിക്കാനുളള ഇ.എം.എസിൻ്റെ തന്ത്രത്തെയാണ് പത്രാധിപർ കശക്കിയെറിഞ്ഞത്. സർവീസ് സംവരണം നിലനിന്നതോടെ കേരളം സാമുദായിക ലഹളയിൽ നിന്ന് മുക്തമായി. ശരിയായ സംവരണ നിയമങ്ങളില്ലാത്തതാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാമുദായിക ലഹളകൾ കത്തിപ്പടരാൻ ഇടയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുളത്തൂർ പ്രസംഗത്തിന് കുണ്ടറ വിളംബരത്തോളം പ്രാധാന്യമുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച പരിഷത്ത് വർക്കിംഗ് പ്രസിഡൻ്റ് പ്രൊഫ. പി. സരളാഭായി പറഞ്ഞു. പത്താം ക്ളാസിലെ മലയാളം പാഠാവലിയിൽ പത്രാധിപരുടെ കുളത്തൂർ പ്രസംഗം പഠിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രൊഫ. സരളാഭായി അഭ്യർത്ഥിച്ചു. സെക്രട്ടറി എടത്ര ജയൻ, കെ.എം സിദ്ധാർത്ഥൻ മാസ്റ്റർ, മുണ്ടശേരി സ്മാരക സമിതി സെക്രട്ടറി അരുൺ എസ്. താേളൂർ, എൻ.ഡി ശശിധരൻ മാസ്റ്റർ, എ.കെ ബാബു ആനാട്ടിൽ, കെ.ആർ. ഇന്ദിര ടീച്ചർ, സ്വാമി ധർമ്മാനന്ദ, ടി.എൻ ആനന്ദപ്രസാദ്, ചെങ്ങാലൂർ പെരുമാരാത്ത്, ഡോ. എം.എസ്. ശ്രീരാജ് ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ചർച്ചാ സമ്മേളനത്തിൽ എടത്ര ജയൻ, വസന്തൻ കിഴക്കൂടൻ എന്നിവർ പങ്കെടുത്തു...