കുരുക്കിൽ മെയ്ഡ് ഇൻ കുന്നംകുളം

24 കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ട സമയം മറ്റിടങ്ങളിൽ 1 മണിക്കൂർ

കുന്നംകുളത്തേക്ക് 2 മണിക്കൂർ

തൃശൂർ: മുട്ടിന് മുട്ടിന് കുരുക്ക്, ചെന്നു കേറാൻ സ്ഥലമില്ലാത്ത ബസുകൾ, കുഴിയിൽ ചാടി മടുക്കുന്ന ബൈക് യാത്രികർ.... സമയം തെറ്റി പാഞ്ഞുപിടിക്കുന്ന സ്വകാര്യ ബസുകൾ...... തൃശൂരിൽ നിന്നുള്ള ഈ കുരുക്കിലുമുണ്ട് ഒരു മെയ്ഡ് ഇൻ കുന്നംകുളം ടച്ച്. വടക്കൻ ജില്ലകളിലേക്കും കർണ്ണാടകത്തിലേക്കുമുളള ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തൃശൂർ - കുന്നംകുളം സംസ്ഥാനപാതയാണ് യാത്രികരെ മുഴുവൻ നട്ടം തിരിക്കുന്നത്.

കഥ ഇങ്ങനെ.. .. ..നഗരത്തിലെ ഗതാഗതതടസം പിന്നിട്ട് പാലം പണി നടക്കുന്ന പുഴയ്ക്കലിൽ അരമണിക്കൂർ കുരുക്ക്. രാവിലെയും വൈകിട്ടും ഇവിടെ തിരക്കേറും. മുതുവറ കഴിഞ്ഞാൽ വിലങ്ങൻ സ്റ്റോപ്പിൽ, അമല സെൻ്ററിൽ, പേരാമംഗലത്ത്, മുണ്ടൂരിൽ കൈപ്പറമ്പിൽ കേച്ചേരിയിൽ അങ്ങനെ കുഴികൾ താണ്ടുന്ന എല്ലായിടത്തും കുരുക്കാണ്. വൻ കുഴികളിൽ വീഴുന്ന ബൈക്ക് യാത്രികർ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.

മുണ്ടൂരിൽ നാലുവരിപ്പാതയില്ലാത്തതിനാലുള്ള അപകട സാദ്ധ്യത വേറെ. കൈപ്പറമ്പ് കഴിഞ്ഞാൽ ചൂണ്ടൽ വരെ രണ്ടുവരിപ്പാത. കൃത്യസമയത്തെത്താൻ വേണ്ടി സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകൾ മരണപ്പാച്ചിലിലാണ്. കഴിഞ്ഞ ദിവസം കൈപ്പറമ്പ് ഇറക്കത്ത് രണ്ട് സ്വകാര്യ ബസുകൾ മത്സരിച്ചോടി കൂട്ടിയിടിച്ചെങ്കിലും ഭാഗ്യം കൊണ്ട് ദുരന്തം ഒഴിവായി. കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനെ മറ്റൊരു ബസ് മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണം. മഴുവഞ്ചേരിയിൽ കഴിഞ്ഞദിവസം ബൈക്ക് യാത്രികനായ മലപ്പുറം സ്വദേശി ബസിടിച്ച് മരിച്ചിരുന്നു. അതേ സ്ഥലത്ത് കാറിടിച്ച് നാലുപേർക്കും അടുത്ത ദിവസം പരിക്കേറ്റു.

നാല് മണ്ഡലങ്ങളിലൂടെ

തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡാണിത്. രണ്ട് മന്ത്രിമാരുമുണ്ട്. പക്ഷേ, നാലുവരിപ്പാത നിർമ്മാണം പൂർത്തിയാക്കാൻ പത്തുവർഷമായിട്ടും കഴിഞ്ഞില്ല.

4 വർഷമായി, ബസില്ലാ സ്റ്റാൻഡ്

സംസ്ഥാനപാതയിലെ പ്രധാന സെൻ്ററായ കേച്ചേരിയിൽ ചൂണ്ടൽ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം നടത്തി നാല് വർഷം കഴിഞ്ഞിട്ടും ഒരു ബസ് പോലും കയറിയിട്ടില്ല. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 60 സെന്റ് സ്ഥലത്താണ് ബസ് സ്റ്റാൻഡ് കെട്ടിടം പണിതത്.

'' മഴുവഞ്ചേരിയിൽ നിന്ന് ചൂണ്ടൽ വരെ റോഡ് നാലുവരിയാക്കുന്നതിന്റെയും കേച്ചേരി ജംഗ്ഷൻ്റെ വികസനവും ഉടൻ നടപ്പാക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. അതിനു ശേഷം ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനാകും.''

മുരളി പെരുനെല്ലി, എം.എൽ.എ