പട്ടിക്കാട്: മണ്ണുത്തി - വടക്കഞ്ചേരി ആറുവരിപ്പാതയുടെ ശോച്യാവസ്ഥയ്ക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലക്കാട് ചന്ദ്രനഗറിലെ ദേശീയപാത അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷിന്റെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു.
കസബ എസ്.ഐ ഗോവിന്ദ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സമരക്കാരെ 30 മീറ്റർ അകലെ തടഞ്ഞു. സത്യഗ്രഹം കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു പോൾ അദ്ധ്യക്ഷത വഹിച്ചു. 15 ദിവസത്തിനുള്ളിൽ ദേശീയപാതയിലെ റീ ടാറിംഗ് ആരംഭിക്കുമെന്ന ലെയ്‌സൺ ഓഫിസർ ടി. നാരായണൻ കുട്ടിയുടെ ഉറപ്പിനെ തുടർന്നാണ് സമരക്കാർ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. സമരത്തിൽ പഞ്ചായത്ത് അംഗം ബാബുതോമസ്, ശകുന്തള ഉണ്ണിക്കൃഷ്ണൻ, കെ.പി. ചാക്കോച്ചൻ, ടി.എ. ജയ, ഔസേപ്പ് പതിലേട്ട് എന്നിവർ പ്രസംഗിച്ചു