തൃശൂർ: കയ്പ്പമംഗലം നിയോജക മണ്ഡലത്തിൽ മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ കേന്ദ്ര നിരീക്ഷണ സംഘത്തിന് നിവേദനം നൽകി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പൂർണമായും ഭാഗികമായും നാശനഷ്ടം സംഭവിച്ച വീടുകൾ, കൃഷി സ്ഥലങ്ങൾ, റോഡുകൾ ഇവയെല്ലാം വീണ്ടും പുനർനിർമ്മിക്കുന്നതിന് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം.
മണ്ഡലത്തിൽ 50 വീടുകൾ പൂർണമായും 173 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മൂന്നുപീടിക ബീച്ച് റോഡ്, എടത്തുരുത്തി, മധുരമ്പിള്ളി, ശ്രീമുരുകൻ റോഡ്, ചിറക്കൽ ഉപ്പുംതുരുത്തി റോഡ്, പെരിഞ്ഞനം പഞ്ചായത്ത് ഓഫീസ് റോഡ്, പത്താഴക്കാട് മുള്ളൻബസാർ പോഴങ്കാവ് റോഡ്, കാരപ്പള്ളി പുളിഞ്ചോട് ഹെൽത്ത് സെന്റർ റോഡ്, കുഞ്ഞയിനി മരപ്പാലം റോഡ്, പോഴങ്കാവ് പുതിയകാവ് റോഡ് എന്നീ റോഡുകളാണ് മഴക്കെടുതിയിൽ രൂക്ഷമായ നാശനഷ്ടം നേരിട്ടത്.