ഭരണപക്ഷ വാർഡിൽ വാരിക്കോരി, പ്രതിപക്ഷത്തിന് പേരിന് മാത്രം
പുന്നയൂർക്കുളം: 45 വർഷം പഴക്കമുള്ള വീട്, വിണ്ടുകീറി നിലം പൊത്താറായ ചുമരുകൾ, ദ്രവിച്ച കഴുക്കോലിന് മീതെ ഇളകിയാടി നിൽക്കുന്ന ഓടുകൾ, മഴ പെയ്താൽ ചോർന്നൊലിക്കും, കാറ്റ് കൂടി വീശിയാൽ ജീവഭയം വേറെ... രോഗിണികളായ മൂന്ന് സ്ത്രീകൾ താമസിക്കുന്ന വീടിന്റെ അവസ്ഥയാണിത്.
പുന്നയൂർക്കുളം പഞ്ചായത്തിലെ പെരിയമ്പലം ലക്ഷം വീട് കോളനിയിലാണ് മുഴുപ്പട്ടിണിക്കാരായ ഈ മൂന്നംഗ കുടുംബത്തിന്റെ വീട്. മൂക്കൊതത്യിൽ കുഞ്ഞുമോൾ (68), അവിവാഹിതയായ സഹോദരി ദേവു (66), കുഞ്ഞുമോളുടെ മകൾ ബിന്ദു (41) എന്നിവരാണ് ഈ കുടുംബാംഗങ്ങൾ. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭവന നിർമ്മാണ പദ്ധതികൾ തകൃതിയായി നടക്കുമ്പോഴാണ് അവശരായ ഈ വനിതകൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നത്.
ദുരിതം ഇങ്ങനെ
40 വർഷം മുമ്പാണ് കുഞ്ഞുമോളുടെ ഭർത്താവ് മരിച്ചത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അപസ്മാര രോഗം വന്ന് മണ്ണെണ്ണ വിളക്ക് തട്ടിമറിഞ്ഞ് ദേഹമാസകലം പൊള്ളലേറ്റ ബിന്ദുവിന്റെ ശുശ്രൂഷയ്ക്കായി കുഞ്ഞുമോൾ ജോലിക്കൊന്നും പോയിരുന്നില്ല. അവിവാഹിതയായ ദേവു കൂലിപ്പണിയെടുത്ത് കൊണ്ടുവരുന്ന ചില്ലറ മാത്രമായിരുന്നു ഏക ആശ്രയം. ഏതാനും മാസം മുൻപ് ശരീരം പൂർണമായും തളർന്ന് ദേവു കിടപ്പിലായതോടെ സർക്കാരിൽ നിന്നും കിട്ടുന്ന ക്ഷേമപെൻഷൻ മാത്രമാണ് ഇപ്പോൾ ഏകവരുമാനം.
സർവേയും കണ്ണു തുറന്നില്ല
2017ൽ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സർവേ നടത്തി ഭവന നിർമ്മാണ പദ്ധതിക്ക് അർഹരായ 435 പേരെ കണ്ടെത്തിയെങ്കിലും ഈ കുടുംബം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. നൂറിലധികം വീടുകൾ ലൈഫ് പദ്ധതിപ്രകാരം നിർമ്മാണം പുരോഗമിക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ അവകാശവാദം. അർഹരായവരെ മറികടന്ന് വേണ്ടപ്പെട്ടവർക്ക് രാഷ്ട്രീയം നോക്കി വീട് നൽകുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
പ്രസിഡന്റിന്റെ വാർഡിൽ 50 വീടുകൾ
റേഷൻ കാർഡിൽ പേരുള്ള ആർക്കെങ്കിലും വീട് ഉണ്ടെങ്കിലോ, നിലവിൽ മേൽക്കൂര ഓടിട്ടിട്ടുണ്ടെങ്കിലോ ലൈഫ് പദ്ധതി ലിസ്റ്റിൽ ഉൾപ്പെടില്ല. എന്നാൽ ഭരണത്തിലുള്ളവരുടെ ഒത്താശയോടെ സർവേയ്ക്ക് മുമ്പേ ഇത്തരം വീടുകൾ പൊളിച്ചുനീക്കി അവരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ള വാർഡുകളിൽ ഇരുപതിൽ താഴെ വീടുകൾക്ക് അനുമതി ലഭിച്ചപ്പോൾ പ്രസിഡന്റിന്റെ വാർഡിൽ അമ്പതോളം വീടുകൾ ലിസ്റ്റിൽ ഉൾപ്പെട്ടത് ഇതിനുദാഹരണമാണ്.
- അലാവുദ്ദീൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ
ലൈഫ് കിട്ടും മുൻപേ ഉള്ളത് പോകും
പെരിയമ്പലത്ത് പ്രളയം ദുരിതം വിതച്ചിരുന്നു. ചെറായി, നാക്കോല, തൃപ്പറ്റ് എന്നിവിടങ്ങളിലെ ആയിരത്തോളം പേർ റേഷൻകാർഡ് ഇല്ലാത്തതിന്റെയും, കാർഡിലെ ഒരാൾക്ക് വേറെ വീട് ഉള്ളതിനാലും ലൈഫ് പദ്ധതിയിൽ നിന്ന് തഴയപ്പെട്ടിട്ടുണ്ട്. ഗ്രാമസഭകളിൽ അംഗീകരിച്ച 435 ഓളം പേർക്ക് പ്രധാനമന്ത്രി ആവാസ് യോജന - ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിനുമുമ്പേ അവരുടെ വീടുകൾ നിലംപതിക്കുമെന്നാണ് ആശങ്ക.
- ഷാജി തൃപ്പെറ്റ്, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ