തൃശൂർ : പ്രളയം മൂലം കാർഷിക മേഖലയിലും കുടിവെള്ള വിതരണ രംഗത്തും റോഡുകളിലും ജലസേചന രംഗത്തുമുണ്ടായ നാശനഷ്ടങ്ങൾ കേന്ദ്രസർക്കാർ നിയോഗിച്ച സംഘത്തിന് മുന്നിൽ വിശദീകരിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. പ്രളയത്തിന്റെ കെടുതികൾ വിലയിരുത്താനാണ് കേന്ദ്ര ജലവിഭവ മന്ത്രാലയം സൂപ്രണ്ടിംഗ് എൻജിനീയർ വി. മോഹൻ മുരളി, ഗ്രാമവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എച്ച്.ആർ മീണ, ഗതാഗത മന്ത്രാലയം റീജ്യണൽ ഓഫീസർ വി.വി ശാസ്ത്രി എന്നിവരുൾപ്പെട്ട സംഘമെത്തിയത്. കാലവർഷത്തിൽ പൂർണ്ണമായി തകർന്ന ഏതാനും വീടുകളിലും സംഘമെത്തി. സംഘത്തെ ചാലക്കുടിയിൽ ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വിവിധ പ്രദേശങ്ങളിൽ ബി.ഡി. ദേവസി എം.എൽ.എ, പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശൻ, ജില്ലാ പഞ്ചായത്തംഗം നിർമൽ സി. പാത്താടൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻ കുട്ടി, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, വൈസ് പ്രസിഡന്റ് സിബി ഫ്രാൻസിസ്, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

സന്ദർശിച്ചത് ഈ പ്രദേശങ്ങളിൽ


ചാലക്കുടി പുഴയോരത്ത് മേലൂർ കല്ലുകുത്തിയിലെ കരയിടിച്ചിൽ

പ്രളയകാലത്ത് മുങ്ങിയ ചാലക്കുടിപ്പുഴയിലെ കുന്നപ്പള്ളി വാട്ടർ അതോറിറ്റി പമ്പ് ഹൗസ്

എരവറ്റം, കുണ്ടൂർ ആലമറ്റം എന്നിവിടങ്ങളിൽ പ്രളയത്തിൽ നശിച്ച വാഴത്തോട്ടങ്ങൾ

കുറിഞ്ചാക്കൽ ബണ്ട്, ഹരിപുരം ബണ്ട്

പൂർണമായി തകർന്ന ചെമ്മണ കാരയിൽ ഹരിദാസന്റെ വീട്, എടതിരിഞ്ഞി കണിയത്ത് വീട്ടിലെ ബേബി വിജയന്റെ വീട്

കാക്കത്തുരുത്തി പാലം

സംഘത്തെ ധരിപ്പിച്ചത് ഇക്കാര്യങ്ങൾ

കുന്നപ്പള്ളി വാട്ടർ അതോറിറ്റി പമ്പ് ഹൗസ് ഉൾപ്പെടെ വെള്ളം കയറി ഇപ്രാവശ്യം പമ്പുകൾക്ക് നാശം നേരിട്ടു.

മേലൂർ, കൊടകര പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് കുന്നപ്പിള്ളിയിലേത്

എരവറ്റൂർ, കുണ്ടൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കാർഷിക നഷ്ടം.

ആലമറ്റത്തെ മണിയുടെ ആയിരത്തോളം ക്വിന്റൽ വാഴകൾ നശിച്ചത്
ബണ്ടുകളിലൂടെയുണ്ടായ ജലസേചന മേഖല നേരിട്ട നാശനഷ്ടം