ചാലക്കുടി: അതിവർഷം വരുത്തി വച്ച നാശനഷ്ടത്തിന്റെ കണക്കെടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ വിദഗ്ദ്ധ സംഘമെത്തി. മണ്ഡലത്തിലുണ്ടായ പത്തുകോടി രൂപയുടെ നഷ്ടത്തിന്റെ വിശദാംസങ്ങൾ അടങ്ങിയ റിപ്പോർട്ട് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കളക്ടർ എസ്. ഷാനവാസും ബി.ഡി. ദേവസി എം.എൽ.എയും ചേർന്ന് സംഘത്തിന് കൈമാറി.

മേലൂരിലെ രണ്ടിടത്ത് സന്ദർശനം നടത്തിയ സംഘം പിന്നീട് മാളയിലേക്ക് തിരിച്ചു. പരിയാരം മുതൽ മാള വരെ ചാലക്കുടിപ്പുഴയ്ക്ക് സംഭവിച്ച കരയിടിച്ചിലും അനുബന്ധ കേടുപാടുകളുമാണ് പ്രധാനമായും റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ പ്രളയത്തിൽ വൻതോതിലാണ് പുഴയോരത്ത് നാശമുമണ്ടായത്. എന്നാൽ നാമമാത്രമായ നഷ്ടപരിഹാരം മാത്രമാണ് കേന്ദ്രത്തിൽ നിന്നും ലഭ്യമായത്. ഇതിനിടെയാണ് ഇത്തവണത്തെ നഷ്ടമെന്നും നിവേദനത്തിൽ പറയുന്നു.

പരിയാരം, മേലൂർ, കാടുകുറ്റി പഞ്ചായത്തുകളിലും ചാലക്കുടി നഗരസഭയിലുമായി രണ്ട് കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായും കേന്ദ്ര ഉദ്യോഗസ്ഥരെ കളക്ടർ അറിയിച്ചു. റോഡുകൾക്കുണ്ടായ തകർച്ചയാണ് പട്ടികയിലെ പ്രധാന നഷ്ടം. ചാലക്കുടി ആനമല റോഡ് വ്യാപകമായി തകർന്നതും മുരിങ്ങൂർ - ഏഴാറ്റുമുഖം, വെട്ടുകടവ്‌ - മേലൂർ, ചാലക്കുടി - വെള്ളിക്കുളങ്ങര, പരിയാരം - വേളൂക്കര, ഗുരുതിപ്പാല - സമ്പാളൂർ എന്നീ റോഡുകളുടെ തകർച്ചയും ചൂണ്ടിക്കാട്ടി.

ജലസേചന കനാലുകളുടെ തകർച്ചയും അതിരപ്പിള്ളി പഞ്ചായത്തിലെ ടൂറിസം മേഖലയ്ക്കുണ്ടായ നഷ്ടവും പട്ടികയിൽ ഇടംപിടിച്ചു. ജല അതോറിറ്റി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകൾക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. നിരവധി വീടുകളും തകർന്നതായും സംസ്ഥാന ഉദ്യോഗസ്ഥർ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.

ഹോട്ടൽ സിദ്ധാർത്ഥയിൽ നടന്ന യോഗത്തിൽ ഗതാഗത മന്ത്രാലയം റീജ്യണൽ ഓഫീസർ വി.വി. ശാസ്ത്രി, ജലവിഭവ മന്ത്രായത്തിലെ എസ്.ഇ.വി. മോഹൻ മുരളി, എച്ച്.ആർ. മീന എന്നിവരടങ്ങിയതാണ് കേന്ദ്രസംഘം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി കളക്ടർ ഡോ. റെജിൽ, ചാലക്കുടി തഹസിൽദാർ സുനിത ജേക്കബ്ബ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

പരാതികൾ കേന്ദ്രത്തിന് മുൻപിൽ

ചാലക്കുടി മണ്ഡലത്തിുണ്ടായത് 10 കോടിയുടെ നാശനഷ്ടം

ചാലക്കുടിപ്പുഴയുടെ കരയിടിച്ചിലും കേടുപാടും റിപ്പോർട്ടിൽ

3 പഞ്ചായത്തിലും നഗരസഭയിലുമായി 2 കോടിയുടെ കൃഷിനാശം

റോഡ്, ജലസേചന സൗകര്യം, ടൂറിസം മേഖലയ്ക്കും നാശം

കേന്ദ്രത്തിന് നിവേദനം നൽകിയത് കളക്ടറും എം.എൽ.എയും ചേർന്ന്

തകർന്ന റോഡുകൾ

ചാലക്കുടി - ആനമല റോഡ്

മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡ്

വെട്ടുകടവ്‌ - മേലൂർ റോഡ്

ചാലക്കുടി - വെള്ളിക്കുളങ്ങര റോഡ്

പരിയാരം - വേളൂക്കര റോഡ്

ഗുരുതിപ്പാല - സമ്പാളൂർ റോഡ്